'കെ.സി വേണുഗോപാല്‍ കോമാളി, സിദ്ധരാമയ്യ ധിക്കാരി'; രാഹുല്‍ ജിയെ ഓര്‍ത്ത് വിഷമമുണ്ട്; രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ്
ബെംഗളൂരു: എന്‍.ഡി.എയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് രംഗത്തെത്തി.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയും പാര്‍ട്ടി വക്താവ് ഗുണ്ടു റാവുവിനെതിരുമായിരുന്നു റോഷന്‍ ബെയ്ഗ് രംഗത്തെത്തിയത്.
കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന്‍ ബെയ്ഗ് പറഞ്ഞത്. ” എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്‌ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”- എന്നായിരുന്നു റോഷന്‍ പ്രതികരിച്ചത്.
സീറ്റ് വിഭജനം മുതലുള്ള എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പൂര്‍ണ പരാജയമായിരുന്നെന്നും തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാര്‍ നേതൃനിരയിലുള്ളവര്‍ തന്നെയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.
” ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റ് പോലും കൊടുത്തില്ല. മുസ്‌ലീം വിഭാഗത്തിന് ഒരു സീറ്റാണ് നല്‍കിയത്. അവരെ പൂര്‍ണമായും അവഗണിച്ചു. ഇതില്‍ ഞാന്‍ അസ്വസ്ഥനാണ്. നമ്മള്‍ ഇതെല്ലാം ശ്രദ്ധിക്കേണ്ടിയിരുന്നു”- റോഷന്‍ ബെയ്ഗ് പറഞ്ഞു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകത്തില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോള്‍. യു.പി.എ 3 മുതല്‍ 6 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും മറ്റുള്ളവര്‍ 1 വരെ സീറ്റുകളാണ് നേടുകയെന്നും സര്‍വേ പ്രവചിച്ചിരുന്നു.
ആകെ ലോകസഭാ 28 സീറ്റുകളാണ് കര്‍ണാടകത്തിലുള്ളത്. കോണ്‍ഗ്രസ്സിന് കാര്യമായൊന്നും ഇത്തവണ ചെയ്യാനാകില്ലെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയില്‍ പറഞ്ഞത്.