| Thursday, 13th July 2023, 11:10 pm

മാനേജ്‌മെന്റിനെതിരെ സംസാരിച്ചു; റിപ്പോര്‍ട്ടര്‍ തന്നെ വിലക്കിയെന്ന് റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാനേജ്‌മെന്റിനെതിരെ സംസാരിച്ചതിന് റിപ്പോര്‍ട്ടര്‍ ടി.വി തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കെ.പി.സി.സി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശ പ്രകാരം സ്മൃതി പരുത്തിക്കാട് നയിക്കുന്ന എട്ട് മണി ചര്‍ച്ചക്ക് പോകാന്‍ തന്നെ  നിയോഗിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റിന് എതിരെ പറഞ്ഞയാളെ പറ്റില്ലെന്ന് ചാനല്‍ നിലപാടെടുത്തെന്ന് റിജില്‍ ആരോപിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാനപ്പെട്ട ആളുകള്‍ ആരാണ്? നിങ്ങള്‍ക്ക് പണം മുടക്കുന്നത് ആരാണ്? നിങ്ങള്‍ എങ്ങനെയാണ് ഇതില്‍ വര്‍ക്ക് ചെയ്യുന്നത്? എന്നീ ചോദ്യങ്ങള്‍ സ്മൃതി പരുത്തിക്കാട് നയിച്ച ഒരു ചര്‍ച്ചക്കിടെ മുട്ടില്‍ മരം മുറിക്കേസിനെ പരോക്ഷമായി സൂചിപ്പിച്ച് റിജില്‍ മാക്കുറ്റി ചോദിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് വിലെക്കെന്നും റിജില്‍ പറയുന്നു. ചാനല്‍ ചര്‍ച്ചയല്ല തന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖലയെന്നും പറയേണ്ടത് ഏത് തമ്പുരാന്റെ മുഖത്ത് നോക്കി പറയുമെന്നും റിജില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇതേ ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രതിനിധി എന്‍.വി. വൈശാഖനും സമാന വിമര്‍ശനം ചാനലിനെതിരെ ഉന്നയിച്ചിരുന്നു.

റിജില്‍ മാക്കുറ്റിയുടെ കുറിപ്പിന്റെ പൂര്‍ണരുപം

മരം മുറിക്കാരുടെ ചാനലില്‍ എനിക്ക് വിലക്കാണ് പോലും.
വിലക്കിനു കാരണം റിപ്പോര്‍ട്ടറിന്റെ പുതിയ മുതലാളിമാരെ കുറിച്ച് അവരുടെ ചാനലില്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ പറഞ്ഞത് ചാനല്‍ മാനേജ്‌മെന്റിന് ഇഷ്ടായില്ല. അതാണ് വിലക്കിനു കാരണം.

കെ.പി.സി.സി. മീഡിയ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചര്‍ച്ച 7 മണിക്ക് News 18 ല്‍ ഉണ്ട്. പോകാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ ആ സമയത്ത് യാത്രയില്‍ ആയത് കൊണ്ട് സാധിക്കില്ല എട്ട് മണിയാകും കണ്ണൂരില്‍ എത്താന്‍.

അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചു സ്മൃതി പരുത്തിക്കാട് നയിക്കുന്ന എട്ട് മണി ചര്‍ച്ചക്ക് പോകാന്‍ പറ്റുമോയെന്ന് ചോദിച്ചു. ശരി ഞാന്‍ പോകാമെന്ന് പറഞ്ഞു.
പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ റിജില്‍ മാക്കുറ്റി വേണ്ട റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റിന് എതിരെ പറഞ്ഞയാളെ പറ്റില്ലെന്ന് അവര്‍ പറഞ്ഞു പോലും.
ഇതാണ് റിപ്പോര്‍ട്ടറിന്റെ മാധ്യമ ധര്‍മ്മം

ധാര്‍മികതയെ കുറിച്ച് ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തിരിച്ച്
ചോദിക്കുന്നവരുടെ ധാര്‍മികതയെ കുറിച്ച് ചോദിക്കാന്‍ പാടില്ല പോലും.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാതോരാതെ പറയുന്നവരാണ് ആ മാധ്യമത്തില്‍ ജോലി ചെയ്യുന്നത് എന്നാണ് അറിവ്.

ഇത്ര കാലം റിപ്പോര്‍ട്ടര്‍ ചാനലില്‍ പോയിട്ടല്ല ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. ചാനല്‍ ചര്‍ച്ചയല്ല എന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല.
പറയേണ്ടത് ഏത് തമ്പുരാന്റെ മുഖത്ത് നോക്കി പറയും. അതാണ് ശീലം

Content Highlight: Congress leader Rijil Mckkutty said that Reporter TV banned him for speaking against the management

We use cookies to give you the best possible experience. Learn more