ബി.ജെ.പിയുമായി സ്‌നേഹം കൂടാന്‍ നടക്കുന്ന കേരളത്തിലെ പുരോഹിതര്‍ ചിലത് ഓര്‍മ്മിക്കുന്നത് നല്ലതാണ്; കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്
Kerala News
ബി.ജെ.പിയുമായി സ്‌നേഹം കൂടാന്‍ നടക്കുന്ന കേരളത്തിലെ പുരോഹിതര്‍ ചിലത് ഓര്‍മ്മിക്കുന്നത് നല്ലതാണ്; കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th March 2021, 8:46 am

കണ്ണൂര്‍: മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ സംഘപരിവാര്‍ അംഗങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണം ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ഏറ്റ ആഘാതമാണെന്നും ബി.ജെ.പിയുടെ അടുക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ പുരോഹിതര്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്നും റിജില്‍ ചന്ദ്രന്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കിരാതമായ ആക്രമണം ഇന്ത്യയുടെ മതനിരക്ഷേതയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. ഇന്ന് മുസ്‌ലിം, നാളെ ക്രിസ്ത്യന്‍ സംഘപരിവാര്‍ അങ്ങനെയാണ് വേട്ടയാടുക. ചിലര്‍ക്ക് ചില മമതയൊക്കെ സംഘപരിവാരത്തോട് തോന്നുന്ന സാഹചര്യത്തില്‍ ആലോചിക്കാന്‍ പലതും ഉണ്ടെന്ന റിജില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘ഒഡീഷയില്‍ ഗ്രഹാം സ്റ്റെയിന്‍ എന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും ഹിന്ദുത്വ ഭീകരവാദികള്‍ ചുട്ട് കൊന്നത് അത്തരം ബി.ജെ.പിയോട് സ്‌നേഹം കൂടാന്‍ ആഗ്രഹിക്കുന്ന, ബി.ജെ.പിക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്തീയ മത പുരോഹിതന്‍മാര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും,’ റിജില്‍ പറഞ്ഞു.

പ്രശസ്ത ദാര്‍ശനികന്‍ മാര്‍ട്ടിന്‍ നിയോ മുള്ളര്‍ പറഞ്ഞത് പലരെയും ഫാസിസ്റ്റുകള്‍ അക്രമിച്ചപ്പോള്‍ ഞാന്‍ പ്രതികരിച്ചില്ല അവസാനം അതേ ഫാസിസ്റ്റുകള്‍ എന്നെ അക്രമിക്കാന്‍ വന്നപ്പോള്‍ പ്രതികരിക്കാന്‍ ആരും ഉണ്ടായില്ല എന്ന് പഞ്ഞത് പോലെ സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്ക് എതിരെ പ്രതികരിക്കാതിരുന്നാല്‍ അവസാനം ആരും ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും റിജില്‍ പറയുന്നു. സംഘപരിവാര്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ആണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 19നാണ് ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ദല്‍ഹിയില്‍ നിന്നും വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

ഝാന്‍സി എത്താറായപ്പോള്‍ ട്രെയ്നിലെ ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുകയാണമെന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിച്ചില്ല.

ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി കൂടുതല്‍ പേരെത്തുകയായിരുന്നു. ഝാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ യു.പി പൊലീസെത്തി കന്യാസ്ത്രീകളോടും വിദ്യാര്‍ത്ഥികളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

അപ്പോഴേക്കും സ്റ്റേഷനില്‍ നൂറ്റമ്പതോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെത്തിയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കാതെ പൊലീസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നും ആധാര്‍ കാര്‍ഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.

കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശിലുണ്ടായ ആക്രമണം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കെതിരെ യു.പിയില്‍ നടന്ന ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കാനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാനും സംഘപരിവാര്‍ നടത്തിയ നീചമായ പ്രചാരണത്തിന്റെ ഫലമാണ്. അത്തരം വിഘടനശക്തികളെ പരാജയപ്പെടുത്തുന്നതിനായി ആത്മപരിശോധന നടത്താനും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനുമുള്ള സമയമാണിത്’, രാഹുല്‍ പറഞ്ഞു.

സംഭവത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായും പിണറായി വിജയന്‍ പറഞ്ഞു.

ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പൊലീസും ചേര്‍ന്നാണ് കന്യാസ്ത്രീകളടക്കമുള്ള സംഘത്തെ ഉപദ്രവിച്ചതെന്നും രാജ്യത്തിന്റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പൊലീസും ചേര്‍ന്നാണ് കന്യാസ്ത്രീകളടക്കമുള്ള സംഘത്തെ ഉപദ്രവിച്ചതെന്നും രാജ്യത്തിന്റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Congress Leader Rijil Chandran Makkutty responds in Sangh Parivar attacking nuns in UP