ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി.
2018ലെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നതെന്ന് രേണുക ചൗധരി പറഞ്ഞു. നമ്മുടെ കോടതികള്‍ കേസില്‍ എത്ര വേഗം വിധി പറയുമെന്ന് ഇനി കണ്ടറിയാമെന്നും അവര്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു രേണുകയുടെ പരാമര്‍ശം.
2018 ഫെബ്രുവരിയിലെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ രേണുക ചൗധരിയെ പരിഹസിച്ച് മോദി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ ശാസനയെ ചിരിയോടെ നേരിട്ട രേണുകയെയാണ് മോദി പരിഹസിച്ചത്.
രേണുകയെ ചിരിക്കാന്‍ അനുവദിക്കണമെന്നും രാമായണം സീരിയലിന് ശേഷം ഇങ്ങനെയുള്ള ചിരി കാണാനുള്ള ഭാഗ്യം ഇന്നാണുണ്ടായതെന്നുമാണ് മോദി പറഞ്ഞത്. രാമായണം സീരിയലിലെ ശൂര്‍പ്പണഖ എന്ന കഥാപാത്രത്തെ ഉദ്ദേശിച്ചാണ് മോദി പറഞ്ഞതെന്ന് രേണുക ചൗധരി പറഞ്ഞു.
ഈ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ട് കൊണ്ട് മോദിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നാണ് രേണുക ചൗധരി പറഞ്ഞത്.
അധികാരത്തിന്റെ മത്ത് പിടിച്ച മോദി പാര്‍ലമെന്റില്‍ വെച്ച് തന്നെ ശൂര്‍പ്പണഖയുമായി താരതമ്യം ചെയ്‌തെന്നും ഇതിനെതിരെ മാന നഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നുമാണ് അവര്‍ ട്വീറ്റ് ചെയ്തത്. കോടതി എത്ര വേഗത്തില്‍ കേസ് തീര്‍പ്പാക്കുമെന്ന് നമുക്ക് കണ്ടറിയാമെന്നും ട്വീറ്റിലുണ്ട്.
അതിനിടെ 2019ല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമര്‍ശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവിന് വിധിച്ചത്. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന സര്‍നെയിം ഉള്ളതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
മോദി സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താനാണ് രാഹുല്‍ ശ്രമിച്ചതെന്ന് കാണിച്ച് ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് കോടതി വിധി പറഞ്ഞത്. രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കോടതി കേസില്‍ 30 ദിവസത്തെ അപ്പീല്‍ കാലാവധിയും നല്‍കിയിട്ടുണ്ട്.
രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് വിലക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: Congress leader renuka choudary says she will file a defamation case against modi