ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയ ശാന്തിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി.
ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷ പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് രേണുക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദിയെ പോലെയാണെന്നായിരുന്നു വിജയശാന്തിയുടെ പരാമര്‍ശം.
“വിജയശാന്തി പ്രസ്താവന നടത്തിയ സമയത്ത് ഞാന്‍ ഇല്ലായിരുന്നു. അങ്ങനെ അവര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരം പ്രസ്താവനകള്‍ അപലപിക്കപ്പെടേണ്ടതാണ്.
ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷ പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. നമ്മള്‍ അദ്ദേഹത്തെപ്പോലെയായിരിക്കില്ല. പക്ഷേ, നമ്മള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ല”- രേണുക ചൗധരി പറഞ്ഞു.
തെലങ്കാനയിലെ ഷംഷബാദില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു വിജയശാന്തി വിവാദ പരാമര്‍ശം നടത്തിയത്.
“മോദി എപ്പോഴാണ്, ഏത് തരത്തിലുള്ള ബോംബാണ് എറിയുക എന്നറിയില്ല. അതുകൊണ്ട് തന്നെ ജനങ്ങളെല്ലാം ഭയന്നിരിക്കുകയാണ്. മോദി തീവ്രവാദിയെപോലെയാണ്” എന്നായിരുന്നു വിജയശാന്തി പറഞ്ഞത്.
ജനങ്ങള്‍ എപ്പോഴും സ്നേഹിക്കപ്പെടുകയാണ് വേണ്ടതെന്നും എന്നാല്‍ മോദി അവരെ ഭയപ്പെടുത്തുകയാണെന്നും ഒരു പ്രധാനമന്ത്രി ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും വിജയ കുറ്റപ്പെടുത്തിയിരുന്നു.
യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.