കൊച്ചി: പാര്‍ട്ടി നിലപാട് താനും കെപി.സി.സി പ്രസിഡന്റും പറയുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ അഞ്ച് വര്‍ഷവും താന്‍ ഒറ്റയാള്‍ പോരാളിയായിരുന്നുവെന്നും താന്‍ കൊണ്ടുവന്ന പലവിഷയങ്ങളും പിന്നീട് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും ഇനിയും ജനങ്ങള്‍ക്ക് വേണ്ടി അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
‘ഞാനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്. വി.ഡി. സതീശന്‍ പറഞ്ഞതിനോട് പ്രതികരിക്കുന്നില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമായി നിലനില്‍ക്കുകയാണ്,’ ചെന്നിത്തല പറഞ്ഞു.
ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടന്നതെന്താണെന്ന് വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമാക്കണം. കേരള സമൂഹം അറിയേണ്ട കാര്യങ്ങളാണ് താന്‍ ചോദിച്ചതെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇനിയും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോരാട്ടം തുടരും. സര്‍ക്കാരിനെ ഇനിയും തുറന്നുകാട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡി ലിറ്റ് വിവാദത്തില്‍ ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെ.പി.സി.സി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാട്. ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് താന്‍ പറയില്ല.
ഏകീകൃതമായ അഭിപ്രായം താന്‍ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം,’ സതീശന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അഭിപ്രായം പറഞ്ഞതെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇതുവരെ ഒരു കാര്യത്തിലും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു.