| Thursday, 27th January 2022, 8:44 am

ഇന്ത്യയെ നശിപ്പിക്കാനുള്ള ഒരു കരു മാത്രമായി ട്വിറ്ററിനെ മാറ്റരുത്; പരാഗ് അഗര്‍വാളിന് കത്തെഴുതി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിച്ചതില്‍, മനപൂര്‍വമല്ലെങ്കിലും ട്വിറ്ററിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളിന് എഴുതിയ കത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മാസം എഴുതിയ കത്തിലെ വിശദാംശങ്ങള്‍ എന്‍.ഡി.ടി.വിയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ട്വിറ്ററില്‍ സജീവമാകുന്നതില്‍ നിന്നും, പ്ലാറ്റ്‌ഫോമില്‍ തന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ നിന്നും തന്നെ തടയുന്നതിനും അടിച്ചമര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ക്യാംപെയിന്‍ നടത്തുന്നതായും രാഹുല്‍ കത്തില്‍ ആരോപിക്കുന്നു.

എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ 27നാണ് കത്ത് തയാറാക്കിയിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുന്ന ഡാറ്റ സഹിതമാണ് കത്ത് തയാറാക്കിയിരിക്കുന്നത്.

2021ലെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ ട്വിറ്ററില്‍ തനിക്ക് നാല് ലക്ഷം അധികം ഫോളോവേഴ്‌സ് ഉണ്ടായപ്പോള്‍ പിന്നീടുള്ള മാസങ്ങളില്‍ അത് കുത്തനെ ഇടിഞ്ഞെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.

2021 ആഗസ്റ്റില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് എട്ട് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിന് ശേഷമാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നതെന്നും രാഹുല്‍ പറയുന്നു. അതേസമയം മറ്റ് നേതാക്കള്‍ക്ക് ഈ സമയങ്ങളില്‍ തങ്ങളുടെ ഫോളേവേഴ്‌സിന്റെ വര്‍ധനവില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

”ട്വിറ്ററില്‍ എന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഇടിവുണ്ടായ ഇതേ മാസം തന്നെയാണ് ഞാന്‍ ദല്‍ഹിയിലെ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അതിജീവനത്തെക്കുറിച്ച പറഞ്ഞത്. ഇതേസമയം തന്നെയാണ് ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയും വിവിധ മനുഷ്യാവകാശ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടുകയും ചെയ്തത്. ഇത് അത്ര യാദൃശ്ചികമല്ല.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കുന്ന എന്റെ ട്വിറ്റര്‍ വീഡിയോ ആണ് ഇന്ത്യയില്‍ ഒരു രാഷ്ട്രീയ നേതാവ് പോസ്റ്റ് ചെയ്തതില്‍ വെച്ച് ഏറ്റവും കൂടുതലാളുകള്‍ കണ്ട വീഡിയോകളിലൊന്ന്,” രാഹുല്‍ കത്തില്‍ പറഞ്ഞു.

ഇന്ത്യ എന്ന സങ്കല്‍പത്തെ നശിപ്പിക്കുന്നതിന് ഒരു കരുവായി ട്വിറ്റര്‍ മാറരുതെന്നും ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റഫോമുകള്‍ തെരഞ്ഞെടുപ്പ് സമയങ്ങളിലും മറ്റും ബി.ജെ.പിക്ക് അനുകൂലമായും വിദ്വേഷ പ്രചരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും പ്രവര്‍ത്തിച്ചിരുന്നു എന്ന് നിരന്തരം ആരോപണങ്ങളുയരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ കത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


Content Highlight: Congress leader Rahul Gandhi wrote to twitter CEO Parag Agrawal, alleging a government campaign to suppress his reach on the platform

We use cookies to give you the best possible experience. Learn more