വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണ് മോദി; മന്ത്രിസഭയാണെങ്കിൽ ഒരു കുടുംബകൂട്ടായ്മയും: രാഹുൽ ഗാന്ധി
national news
വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണ് മോദി; മന്ത്രിസഭയാണെങ്കിൽ ഒരു കുടുംബകൂട്ടായ്മയും: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 6:03 pm

ന്യൂദല്‍ഹി: എന്‍.ഡി.എ മന്ത്രിസഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭാ കുടുംബകൂട്ടായ്മയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 20 മന്ത്രിമാരുടെ പേരുകള്‍ അടങ്ങിയ പട്ടിക എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

മറ്റുള്ളവരെ ഫിമിലിസം എന്ന് വിളിക്കുന്നവരുടെ മന്ത്രിസഭ കുടുംബ കൂട്ടായ്മയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പോരാട്ടവും ത്യാഗവും സേവനവും ഉള്‍ക്കൊള്ളുന്ന തലമുറകളുടെ പാരമ്പര്യത്തെ ഫാമിലിസം എന്ന് വിളിക്കുന്നവര്‍, അധികാരത്തെ ഇഷ്ടാനുസരണം കൈമാറുന്നത് സര്‍ക്കാര്‍ കുടുംബങ്ങള്‍ക്കാണെന്നും രാഹുല്‍ പറഞ്ഞു.

വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്ന് വിളിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.


മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ ചെറുമകനായ ജയന്ത് ചരണ്‍ സിങ്, ജനസംഘം നേതാവായിരുന്ന വിജയരാജ സിന്ധ്യയുടെ പേരമകനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് മൂന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ മന്ത്രിസഭയില്‍ മക്കള്‍ രാഷ്ട്രീയത്തിലൂടെ വന്ന പ്രമുഖര്‍.

ഇവരെ കൂടാതെ മുന്‍ മധ്യപ്രദേശ് എം.പിയും മന്ത്രിയുമായ ജയ്ശ്രീ ബാനര്‍ജിയുടെ മരുമകനും ബി.ജെ.പി ദേശീയ അധ്യക്ഷനുമായിരുന്ന ജെ.പി നദ്ദ, മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ മകന്‍ രാംനാഥ് താക്കൂര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി റാവു ബിരേന്ദ്ര സിങ്ങിന്റെ മകന്‍ ഇന്ദ്രജിത് സിങ്, ടി.ഡി.പി നേതാവും ദേവഗൗഡ-ഗുജ്റാള്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന കെ. യേരന്‍ നായിഡുവിന്റെ മകന്‍ കെ. റാം മോഹന്‍ നായിഡു എന്നിവരും മോദി മന്ത്രിസഭയിലെ അംഗങ്ങളാണ്.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവും മുന്‍ ലോക്സഭ അംഗവുമായിരുന്ന ഓംപ്രകാശ് പാസ്വാന്റെ മകന്‍ കമലേഷ് പാസ്വാന്‍, ബംഗാളിലെ മുന്‍മന്ത്രി മഞ്ജുള്‍ കൃഷ്ണ ഠാക്കൂറിന്റെ മകന്‍ ശാന്തനു ഠാക്കൂര്‍, അരുണാചല്‍ പ്രദേശ് നിയമസഭയിലെ ആദ്യ പ്രോംടേം സ്പീക്കറായിരുന്ന റിഞ്ചിന്‍ ഖാറുവിന്റെ മകന്‍ കിരണ്‍ റിജിജുവും മോദി മന്ത്രിസഭയുടെ ഭാഗമാണ്.

ബി.ജെ.പി നേതാക്കളുടെ മക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് അഖിലേന്ത്യ ഉപാധ്യക്ഷനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ, ബി.എസ്.പി സ്ഥാപകാംഗവും അപ്നാദള്‍ പാര്‍ട്ടി സ്ഥാപകനുമായ സോനാലാല്‍ പട്ടേലിന്റെയും അപ്നാദളിന്റെ മുന്‍ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെ മകള്‍ അനുപ്രിയ പട്ടേല്‍, മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍.സി.പി നേതാവായിരുന്ന ഏക്നാഥ് ഖദ്സെയുടെ മകന്റെ പങ്കാളി രക്ഷ ഖദ്സെ തുടങ്ങിയവരും പുതിയ മന്ത്രി സഭയില്‍ ഇടംപിടിച്ച കുടുംബരാഷ്ട്രീയത്തിന്റെ പാരമ്പര്യമുള്ളവരാണ്.

Content Highlight: Congress leader Rahul Gandhi strongly criticized the NDA cabinet