| Saturday, 23rd July 2022, 5:01 pm

വിവരവുമില്ല, ഉത്തരവുമില്ല, ഉത്തരവാദിത്തവുമില്ല; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്‍.ഡി.എ എന്നാല്‍ ‘നോ ഡാറ്റ അവൈലബിള്‍’ എന്നാണ് അര്‍ത്ഥമെന്നും യാതൊരു ഉത്തരവാദിത്തമോ പ്രതിബദ്ധതയോ ഇല്ലാത്ത മുന്നണിയാണ് എന്‍.ഡി.എ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സര്‍ക്കാരിന്റെ ‘രേഖകള്‍’ പ്രകാരം കൊവിഡ് കാലത്ത് ആരും ഓക്‌സിജന്‍ ഇല്ലാതെ മരിച്ചിട്ടുമില്ല, ഒരു മാധ്യമപ്രവകര്‍ത്തകനും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമില്ല. ഒരാളെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിട്ടുമില്ല. ഇതൊക്കെയാണ് ഡാറ്റകള്‍ ഒന്നും അവൈലബിള്‍ അല്ലാത്ത സര്‍ക്കാര്‍ പറയുന്നത്. അത് വിശ്വസിക്കണമെന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

”നോ ഡാറ്റ അവൈലബിള്‍’ (എന്‍.ഡി.എ) സര്‍ക്കാരിന് നിങ്ങള്‍ ഈ കാര്യങ്ങള്‍ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുകയാണ്;

1. ആരും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല
2. ഒരു കര്‍ഷകനും പ്രതിഷേധിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടില്ല.
3. നടന്ന് തളര്‍ന്ന് ഒരു കുടിയേറ്റക്കാരനും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല.
4. ആരെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിട്ടില്ല.
5. ഒരു മാധ്യമപ്രവര്‍ത്തനും അറസ്റ്റ് ചെയ്തിട്ടില്ല

വിവരങ്ങളില്ല. ഉത്തരങ്ങളുമില്ല. ഉത്തരവാദിത്തവുമില്ല,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ജി.എസ്.ടി നിരക്ക് വര്‍ധനവിനെ കുറിച്ചും രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

സാധാരണക്കാരന് അത്യാവശ്യമായ ആരോഗ്യ ഇഷുറന്‍സുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ജി.എസ്.ടി 18 ശതമാനമാണ്. എന്നാല്‍ സാധാരണക്കാരുടെ ആവശ്യമല്ലാത്ത ഡയമണ്ടിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി 1.5 ശതമാനം മാത്രമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

പാവപ്പെട്ടവരുടെ സമ്പാദ്യത്തെ കൊള്ളയടിക്കുന്ന ബോളിവുഡ് നായകന്‍ ഗബ്ബര്‍ സിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗബ്ബര്‍ സിങ് ടാക്‌സ് എന്നായിരുന്നു രാഹുല്‍ ഗാന്ധി ജി.എസ്.ടിയെ വിശേഷിപ്പിച്ചത്.

മോദി മുന്നോട്ട് വെക്കുന്ന ജി.എസ്.ടി എന്ന ഗബ്ബര്‍ സിങ് ടാക്സ് മോദി സര്‍ക്കാര്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Hughlight: Congress leader Rahul Gandhi slams NDA government

We use cookies to give you the best possible experience. Learn more