'എനിക്ക് കെ.ടി.എം 390 ബൈക്കുണ്ട്, പക്ഷേ ഓടിക്കാന്‍ അവര്‍ അനുവദിക്കാറില്ല': രാഹുല്‍ ഗാന്ധി
national news
'എനിക്ക് കെ.ടി.എം 390 ബൈക്കുണ്ട്, പക്ഷേ ഓടിക്കാന്‍ അവര്‍ അനുവദിക്കാറില്ല': രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th July 2023, 9:08 am

ന്യൂദല്‍ഹി: തനിക്ക് കെ.ടി.എം 390 ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സമ്മതിക്കാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജൂണ്‍ 27ന് രാഹുല്‍ ദല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ ബൈക്ക് മെക്കാനിക്കുകളെ കാണാനെത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതുസംബന്ധിച്ച് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കെ.ടി.എം 390 ബൈക്കിനെ സംബന്ധിച്ച് പറയുന്ന സംഭാഷണമുള്ളത്.

‘ഒരു മെക്കാനിക്ക് എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കുള്ള സാധ്യതയും കഴിവിനും അനുസരിച്ച് അവസരങ്ങള്‍ ഉണ്ടാകുന്നില്ല. എനിക്ക് KTM 390 ഉണ്ട്, പക്ഷേ ഞാന്‍ അത് ഉപയോഗിക്കുന്നില്ല. എന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതോടിക്കാന്‍ എന്നെ അനുവദിക്കുന്നില്ല,’ ന്യൂദല്‍ഹിയിലെ ബൈക്ക് മെക്കാനിക്കുകളുമായുള്ള ആശയവിനിമയത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഒരു മെക്കാനിക്കിനോട് രാഹുല്‍ സംഭാഷണം നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഭാരത് ജോഡോ യാത്രയിലെ പൊതുജന സമ്പര്‍ക്ക പരിപാടികളുടെ തുടച്ചയായിട്ടായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.

ഭാരത് ജോഡോ യാത്രക്ക് പിന്നാലെ ആരംഭിച്ച സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുല്‍ ചൊവ്വാഴ്ച വൈകീട്ട് ദല്‍ഹിയിലെ വര്‍ക്ക്‌ഷോപ്പില്‍ എത്തിയത്. ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്തുള്ള രാഹുലിന്റെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.

Content Highlight: Congress leader Rahul Gandhi says security officials do not allow him to use KTM 390 even though he owns it