| Tuesday, 17th January 2023, 9:00 pm

തല പൊയ്‌ക്കോട്ടെ, എന്നാലും ആര്‍.എസ്.എസിനോടൊരു ചര്‍ച്ചക്ക് ഞാനില്ല: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘവുമായി(ആര്‍.എസ്.എസ്) ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ തല പോയാലും ആര്‍.എസ്.എസ് ഓഫീസിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്റെ പിതൃസഹോദര പുത്രനും ബി.ജെ.പി നേതാവുമായ വരുണ്‍ ഗാന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

‘വരുണ്‍ ഗാന്ധി ബി.ജെ.പിയിലാണ്. എന്റെ പ്രത്യേയശാസ്ത്രം അദ്ദേഹത്തിന്റെ പ്രത്യായശാസ്ത്രവുമായി പൊരുത്തപ്പെടില്ല.

ബി.ജെ.പി നേതാവായ വരുണ്‍ ഗാന്ധിയെ സ്‌നേഹപൂര്‍വം കാണാനും കെട്ടിപിടിക്കാനും എനിക്ക് കഴിയും. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഒരിക്കലും പിന്തുണക്കാനാകില്ല.

ബി.ജെ.പിയുടെ പ്രത്യേയശാസ്ത്ര രക്ഷിതാവാണ് ആര്‍.എസ്.എസ്. അവരുടെ ഓഫീസില്‍ പോകുന്നതിനേക്കാള്‍ നല്ലത് തലവെട്ടുന്നതാണ്. എനിക്ക് ഒരിക്കലും ആര്‍.എസ്.എസ് ഓഫീസില്‍ പോകാനാകില്ല.

വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വരുണ്‍ ഗാന്ധി ബി.ജെ.പി വിടുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2019ലെ ബി.ജെ.പി മന്ത്രിസഭയില്‍ അമ്മ മേനക ഗാന്ധിയെ ഉള്‍പ്പെടുത്താതില്‍ വരുണിന് അമര്‍ഷമുണ്ടായിരുന്നു.

അതേസമയം, അവസാനഘട്ടത്തിലുള്ള ഭാരത് ജോഡോ യാത്ര ശ്രീനഗറില്‍ ഈ മാസം 30നാണ് സമാപിക്കുന്നത്.

ഈ വരുന്ന വ്യാഴാഴ്ചയാണ് യാത്ര കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 25ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറിലെത്തും.

Content Highlight: Congress leader Rahul Gandhi says he is not ready for any kind of meeting with the Rashtriya Swayamsevak Sangh

We use cookies to give you the best possible experience. Learn more