ന്യൂദല്ഹി: ജന്തര്മന്തിറില് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോടുളള ദല്ഹി പൊലീസിന്റെ പെരുമാറ്റം ലജ്ജാകരമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ബി.ജെ.പിയുടെ ബേഠി ബച്ചാവോ മുദ്രാവാക്യം പ്രഹസനമാണെന്നും രാഹുല് കുറ്റപ്പെടുത്തി. ഇന്ത്യയുടെ പെണ്മക്കളെ ദ്രോഹിക്കുന്നതില് നിന്നും ബി.ജെ.പി ഒരിക്കലും പിന്മാറിയിട്ടില്ലെന്ന് ബുധനാഴ്ച്ച രാത്രി ദല്ഹി പൊലീസുമായുണ്ടായ സംഘര്ഷത്തില് കുഴഞ്ഞു വീണ സാക്ഷി മാലിക്കിന്റെയും വിനേഷ് ഫോഗട്ടിന്റെയും വീഡിയോ പോസ്റ്റു ചെയ്തു കൊണ്ട് രാഹുല് കുറിച്ചു
. ‘ രാജ്യത്തെ കായിക താരങ്ങളോടുളള ഇത്തരം പെരുമാറ്റങ്ങള് ലജ്ജാകരമാണ്. ബേഠി ബച്ചാവോ എന്നത് പ്രഹസനമാണ്. രാജ്യത്തെ പെണ്മക്കളെ ദ്രോഹിക്കുന്നതില് നിന്നും ബി.ജെ.പി പിന്മാറിയിട്ടില്ല’, രാഹുല് ട്വീറ്റ് ചെയ്തു.
12-ാ മത്തെ ദിവസമാണ് ഗുസ്തി താരങ്ങള് തങ്ങളുടെ സമരം തുടരുന്നത്. രാപ്പകല് സമരം നടത്തുന്ന ഇവരുടെ കിടക്കകള് മഴയത്ത് നനഞ്ഞിരുന്നു. ഇതോടെ കിടക്കകള് എത്തിക്കാന് ആം ആദ്മി പ്രവര്ത്തകര് സമര വേദിയിലെത്തിയിരുന്നു. ഇതാണ് പൊലീസ് അര്ധരാത്രി തടഞ്ഞത്. താരങ്ങള്ക്ക് മര്ദ്ദനമേറ്റതിന് പിന്നാലെ ദല്ഹി പൊലീസിനെതിരെ കടുത്ത വിമര്ശനമുയര്ത്തി ഗുസ്തി താരങ്ങള് രംഗത്ത് വന്നിരുന്നു. ‘മദ്യലഹരിയിലെത്തിയ പൊലീസ് രണ്ട് താരങ്ങളെ ആക്രമിക്കുകയായിരുന്നു. പൊലീസ് എല്ലാവരെയും തളളിമാറ്റി’, ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.
‘ഞങ്ങളോട് ഇങ്ങനെ ചെയ്യാന് ഞങ്ങള് അക്രമികള് അല്ല. സംഭവ സ്ഥലത്ത് വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. എന്നെ പൊലീസ് ആക്രമിച്ചു. എവിടെ വനിതാ പൊലീസുകാര്‘, ഫോഗട്ട് ചോദിച്ചു. സര്ക്കാരിനോട് താന് നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന് അഭ്യര്ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്ഷിപ്പില് നാല് മെഡലുകള് കരസ്ഥമാക്കിയ ബജ്റംഗ് പുനിയ എന്.ഡി.ടി.വിയോട് സംസാരിക്കവെ പറഞ്ഞു. എന്നാല് അനുവാദമില്ലാതെയാണ് എ.എ.പി പ്രവര്ത്തകര് സമരപ്പന്തലില് എത്തിയതെന്നും സംഭവത്തില് എ.എ.പി എം.എല്.എ സോമനാഥ് ഭാരതി ഉള്പ്പെടെയുളള 3 പേരെ കസ്റ്റഡിയില് എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
‘കിടക്കകളെ കുറിച്ച് ചോദിച്ചപ്പോള് പ്രവര്ത്തകര് രോഷാകുലരാവുകയും ട്രക്കില് നിന്ന് കിടക്കകള് ഇറക്കാന് ശ്രമിക്കുകയും ചെയ്തു. തുടര്ന്നുണ്ടായ തര്ക്കത്തില് ഭാരതി ഉള്പ്പെടെയുളളവരെ കസ്റ്റഡിയില് എടുക്കുകയായിരുന്നു’, പൊലീസ് പറഞ്ഞു. ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില് കനത്ത സുരക്ഷയിലാണ് ജന്തര് മന്തിര് സമരഭൂമി. മാധ്യമ പ്രവര്ത്തകരെ അടക്കം സമരക്കാരുടെ അടുത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ദല്ഹിയില് നിന്ന് ജന്തര് മന്തിറിലേക്ക് പോകാനുളള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകള് സ്ഥാപിച്ചിരിക്കുകയാണ്.