ന്യൂ ദല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ കോണ്‍ഗ്രസ് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയെ (ബി.എസ്.പി) സമീപിച്ചിട്ടും പ്രതികരിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി.
സഖ്യമുണ്ടാക്കുന്നതിനൊപ്പം ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം വെച്ചുനീട്ടിയിട്ടും മായാവതി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയെ സംബന്ധിച്ച് ഭരണഘടന ഏറ്റവും വലിയ ആയുധമാണെന്നും എന്നാല്‍ ഭരണസിരാ സ്ഥാപനങ്ങളില്ലാതെ ഭരണഘടനയ്ക്ക് അര്‍ത്ഥമില്ലെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി, ഭരണസിരാ കേന്ദ്രങ്ങള്‍ ആര്‍.എസ്.എസ് കയ്യടക്കിയെന്നും ആരോപിക്കുന്നു.
‘ദി ദളിത് ട്രൂത്ത്’ എന്ന പുസ്തകം പ്രകാശനം ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഭരണഘടന ഏറ്റവും വലിയ ഒരു ആയുധമാണ്. എന്നാല്‍ ഭരണസിരാസ്ഥാപനങ്ങളില്ലാതെ ഭരണഘടനയ്ക്ക് അര്‍ത്ഥമില്ല. ഭരണസിരാസ്ഥാപനങ്ങളില്ലാതെ ഭരണഘടന അര്‍ത്ഥശൂന്യമാണ്.
നമ്മള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ആരാണ് ഭരണഘടനാസ്ഥാപനങ്ങള്‍ കൈയാളുന്നത്? എല്ലാ സ്ഥാപനങ്ങളും ആര്‍.എസ്.എസ്സിന്റെ കൈകളിലാണ്,’ രാഹുല്‍ ഗാന്ധി പറയുന്നു.
ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ജനങ്ങളോ രാജ്യമോ അല്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് ഇന്നോ ഇന്നലെയോ അല്ലാ, ഗാന്ധിജി വെടിയേറ്റുവീണ ദിവസം മുതല്‍ ആരംഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസുമായി സംസാരിക്കാന്‍ പോലും മായാവതി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിത്തറ തകരുന്ന തോല്‍വിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. മത്സരിച്ച 399 സീറ്റുകളില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.
387 മണ്ഡലങ്ങളില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. മായാവതിയുടെ ബി.എസ്.പിക്കും തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.