രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് 2014ല്‍ ബി.ജെ.പി പറഞ്ഞു; ഇന്ന് വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണ്: രാഹുല്‍ ഗാന്ധി
national news
രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് 2014ല്‍ ബി.ജെ.പി പറഞ്ഞു; ഇന്ന് വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണ്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th October 2022, 7:12 pm

ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ യുവാക്കളുമായി സംവദിച്ചത് സംബന്ധിച്ച് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘2014ല്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ബി.ജെ.പി രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു, ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നായിരുന്നു അവരുടെ വാഗ്ദാനം.

ഇന്ന് യുവാക്കളുടെ അവസ്ഥ പരിതാപകരമാണ്, വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണ്.

ഞാന്‍ ഇന്ന് കര്‍ണാടകയില്‍ അത്തരം നിരവധി യുവാക്കളെ കണ്ടു, അവരെ ശ്രദ്ധിച്ചു, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഭാവി നയം അവരുമായി ചര്‍ച്ച ചെയ്തു.

ജോഡോ യാത്ര തൊഴിലില്ലായ്മക്കെതിരെ ശബ്ദമുയര്‍ത്തുന്നു, ധാരാളം യുവാക്കള്‍ ഞങ്ങളോടൊപ്പം ചേരുന്നു. നിങ്ങളും വന്ന് ശബ്ദമുയര്‍ത്തൂ, ഞങ്ങള്‍ ഒരുമിച്ച് തൊഴിലില്ലായ്മക്കെതിരെ പോരാടും,’ രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.

അതേസമയം, രാഹുലിന്റെ യാത്ര കര്‍ണാടകയില്‍ പുരോഗമിക്കുകയാണ്. എല്ലായിടത്തും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.