| Friday, 11th August 2023, 4:14 pm

'മണിപ്പൂരായിരുന്നു വിഷയം, മോദി തമാശിച്ച് സമയം കളഞ്ഞു, ഇങ്ങനെയൊരു പ്രധാനമന്ത്രി മുമ്പുണ്ടായിട്ടില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമില്ലന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ ഇന്ത്യയില്ലാതാകുമ്പോള്‍ മോദി തമാശ പറഞ്ഞ് പാര്‍ലമെന്റില്‍ അട്ടഹസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ അവിശ്വാസ പ്രമേയത്തിലെ പ്രധാനമന്ത്രിയുടെ മറുപടിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍.

ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്തം പോലും മോദിക്കറിയില്ല. അവിശ്വാസ പ്രമേയത്തില്‍ മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറയാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിക്കാനാണ് സമയം ഉപയോഗപ്പെടുത്തിയതെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘സൈന്യത്തിന് രണ്ട് ദിവസം കൊണ്ട് ഇല്ലാതാക്കാവുന്ന പ്രശ്മായിരുന്നു മണിപ്പൂരിലേത്. രണ്ട് മണിക്കൂര്‍ പ്രസംഗത്തില്‍ രണ്ട് മിനിട്ട് മാത്രമായിരുന്നു മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. ഞാനോ, കോണ്‍ഗ്രസോ ആയിരുന്നില്ല അവിശ്വാസ പ്രമേയത്തിന്റെ വിഷയം. മണിപ്പൂര്‍ പോലുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മോദി തമാശകള്‍ പറയുകയും, എന്‍.ഡി.എ എം.പിമാര്‍ അതിന് ചിരിച്ചുകൊടുക്കുന്നതും കണ്ടു. എങ്ങനെ കഴിയുന്നു അതിന്.

കഴിഞ്ഞ 19 വര്‍ഷമായി ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാണ്. എല്ലാ സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ മണിപ്പൂരില്‍ കണ്ടത് എവിടെയും കണ്ടിട്ടില്ല. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നു. അത് ചെയ്യുന്നതിന് പകരം പാര്‍ലമെന്റില്‍ ചിരിക്കുകയാണ് അദ്ദേഹം.

ഒരാള്‍ പ്രധാനമന്ത്രിയാകുമ്പോള്‍, ഒരു കേവല രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുന്നത് ശരിയല്ല. അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന ബോധം കൂടി വേണം. നമ്മുടെ പ്രധാനമന്ത്രിയാണ് അദ്ദേഹം. എന്റെ കൂടെ പ്രധാനമന്ത്രിയാണ് അദ്ദേഹം. മുമ്പ് ഒരു പ്രധാനമന്ത്രി ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് ഇപ്പോഴും പോകാത്തതെന്താണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസത്തെ രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗത്തില്‍ ആദ്യ ഒന്നര മണിക്കൂറോളം കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും പരിഹസിക്കുകയാണ് മോദി ചെയ്തത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കാത്തതിനാല്‍ പ്രതിപക്ഷം മണിപ്പൂര്‍ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.

മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്ന പോസ്റ്ററുകളും ഇന്ത്യ മുന്നണിയിലെ എം.പിമാര്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്നും മണിപ്പൂരിനെക്കുറിച്ച് മോദി സംസാരിക്കാന്‍ തയ്യാറാകാത്തതില്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മോദി മണിപ്പൂരിനെ കുറിച്ച് വെറും അഞ്ച് മിനിട്ട് സംസാരിച്ചുരുന്നത്.

Content Highlight: Congress leader Rahul Gandhi said that Prime Minister Narendra Modi is not interested in ending the riots in Manipur

We use cookies to give you the best possible experience. Learn more