തിരുവനന്തപുരം: സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പാതയാണ് ഹിന്ദു മതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു ഹിന്ദുവിന് ഭയത്തെ ആഴത്തില്‍ നോക്കാനും അത് ഉള്‍ക്കൊള്ളാനുമുള്ള ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സത്യം ശിവം സുന്ദരം’ എന്ന തലക്കെട്ടില്‍ മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഭയത്തെ ശത്രുസ്ഥാനത്ത് നിന്ന് മാറ്റി ജീവിതത്തിലുടനീളം വഴികാട്ടിയും സഹയാത്രികനുമാകുന്ന ഉറ്റസുഹൃത്തായി മാറ്റിയെടുക്കാന്‍ ഹിന്ദു മതം പഠിപ്പിക്കുന്നു. അത് ഇരയല്ല. ഒരിക്കലും ഭയംതന്നെ കീഴടക്കാനും കോപത്തിനും വിദ്വേഷത്തിനും അക്രമത്തിനുമുള്ള ഉപാധിയായി മാറ്റാനും അത് അനുവദിക്കുകയുമില്ലെന്നും രാഹുല്‍ ലേഖനത്തില്‍ പറഞ്ഞു.
‘ഭയത്തോടുള്ള ബന്ധം നമ്മളെങ്ങനെ ലഘൂകരിക്കുകയും മനസ്സിലാക്കുകയും ചെയ്യണം എന്ന് പറഞ്ഞുതരുന്നതാണ് ഹിന്ദുമതം. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പാതയാണത്. അതുകൊണ്ടുതന്നെ അതാരുടെയും സ്വന്തവുമല്ല.
സ്‌നേഹവും സന്തോഷവും ഭയവും നിറഞ്ഞ വലിയൊരു സമുദ്രത്തില്‍ നീന്തുന്നതുപോലെയാണ് ജീവിതമെന്ന് സങ്കല്പിച്ചുനോക്കൂ. മനോഹരവും എന്നാല്‍, ഭയപ്പെടുത്തുന്നതുമായ അതിന്റെ ആഴങ്ങളില്‍, അടിക്കടി രൂപംമാറുന്ന ശക്തമായ പ്രവാഹങ്ങളെ അതിജീവിക്കാന്‍ ശ്രമിച്ച് ഒന്നിച്ചു പുലരുന്നവരാണ് നമ്മള്‍. അളവറ്റ സ്‌നേഹവും ബന്ധവും സന്തോഷവും നിറഞ്ഞ അതേ സമുദ്രം ഭയത്തിന്റെയും പാരാവാരമാണ്. മരണം, വിശപ്പ്, നഷ്ടം, വേദന, നിസ്സാരത, പരാജയം എന്നിവയെക്കുറിച്ചുള്ള ഭയം. ആ സുന്ദര സമുദ്രത്തിലൂടെയുള്ള കൂട്ടായ യാത്രയാണ് ജീവിതം. അവിടെയെല്ലാവരും ഒന്നിച്ചുനീന്തുന്നു. മനോഹരമാണെങ്കിലും ആ യാത്ര നമ്മെ ഭയപ്പെടുത്തും.
കാരണം, ജീവിതമെന്നു വിളിക്കുന്ന ആ സമുദ്രത്തെ അതിജീവിച്ചവരാരുമില്ലെന്ന് നമുക്കറിയാം. ഇനിയാര്‍ക്കും അതിന് കഴിയുകയുമില്ലെന്നും. ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാന്‍ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാന്‍ ധൈര്യമുള്ളയാളെ ഹിന്ദുവെന്ന് വിളിക്കാം.
അതിനെ ഒരുകൂട്ടം സാംസ്‌കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്. ഒരു പ്രത്യേക രാഷ്ട്രത്തിലേക്കോ ഭൂപ്രദേശത്തേക്കോ അതിനെ ബന്ധിപ്പിക്കുന്നത് ഹിന്ദുമതത്തെ പരിമിതപ്പെടുത്തുന്നതിനു തുല്യവും. ഭയത്തോടുള്ള ബന്ധം നമ്മളെങ്ങനെ ലഘൂകരിക്കുകയും മനസിലാക്കുകയും ചെയ്യുന്നെന്നതാണ് ഹിന്ദുമതം,’ രാഹുല്‍ പറഞ്ഞു.
ഹിന്ദുമതം നടക്കാനിഷ്ടമുള്ള എല്ലാവര്‍ക്കുംവേണ്ടി ആ പാത തുറന്നിട്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളെയും അത് സ്‌നേഹിക്കുന്നു. ഓരോരുത്തര്‍ക്കും അവരുടെ പാത തിരഞ്ഞെടുക്കാനും അതിലൂടെ ജീവിതസമുദ്രത്തെ മനസ്സിലാക്കി മുന്നോട്ടുപോകാനും അവകാശമുണ്ടെന്നും അത് വ്യക്തമാക്കുന്നു. എല്ലാ വഴികളെയും അത് തന്റേതെന്നപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress leader Rahul Gandhi said that Hinduism is the path to the realization of truth