ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താനുള്ള നടപടികളില്‍ തീരുമാനമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി (സി.ഡബ്ല്യൂ.സി) യോഗത്തില്‍ നാല് മണിക്കൂര്‍ ജാതി സെന്‍സസിനെ കുറിച്ച് ചര്‍ച്ച ചെയ്തതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സി.ഡബ്ല്യൂ.സി കൂട്ടായി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗന്‍ഢ് എന്നിവിടങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ നമ്മുടെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ജാതി സെന്‍സസ് ഇന്ത്യക്ക് പുതിയ ഒരു വികസന മാതൃക ഒരുക്കും. രാജ്യത്തെ പാവപെട്ട ജനങ്ങളുടെ വിമോചനത്തിനായുള്ള പുരോഗമനപരമായ തീരുമാനമാനമാണിതെന്നും, ജാതിയുടെയോ മതത്തിന്റെയോ പരിഗണനകള്‍ ഇല്ലാതെ തന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
LIVE: Media Interaction | AICC HQ, New Delhi https://t.co/HVlsKPMzFA
— Rahul Gandhi (@RahulGandhi) October 9, 2023
കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തില്‍ ഇന്ത്യ സഖ്യത്തിന്റെ പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ സഖ്യത്തിലെ ഭൂരിപക്ഷം സംഘടനകളും യോജിക്കുന്നു എന്നാണ് രാഹുല്‍ ഉത്തരം നല്‍കിയത്. കുറച്ചു പാര്‍ട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് അവ രമ്യതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ണാടകയില്‍ നടത്തിയ ജാതി സെന്‍സസ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഈ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ചു. ഉദ്യോഗസ്ഥരോട് സര്‍വ്വേ സമര്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനുശേഷം സെന്‍സസ് ഉടന്‍ പരസ്യമാക്കുമെന്നും സിദ്ധരമായ്യ പറഞ്ഞു. ജാതി സെന്‍സസ് സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. ജയപ്രകാശ് അറിയിച്ചിരുന്നു.
Content Highlight: Congress leader Rahul Gandhi said that a decision has been taken to conduct a caste census in Congress-ruled states