മോദീ ഭയന്ന് തുടങ്ങിയോ?; അദാനിയും അംബാനിയും പണം തന്നെങ്കില്‍ ഇ.ഡിയെ വിട്ട് അന്വേഷിക്കുക: രാഹുല്‍ ഗാന്ധി
national news
മോദീ ഭയന്ന് തുടങ്ങിയോ?; അദാനിയും അംബാനിയും പണം തന്നെങ്കില്‍ ഇ.ഡിയെ വിട്ട് അന്വേഷിക്കുക: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2024, 8:41 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമര്‍ശത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയും അംബാനിയും തനിക്ക് പണം തന്നിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സി.ബി.ഐയെയും വിട്ട് അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി മോദിയോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഭയന്ന് തുടങ്ങിയോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അദാനിയും അംബാനിയും ടെംപോ വാഹനത്തില്‍ തനിക്ക് പണം തന്നിട്ടുണ്ടെന്ന് പറയുന്നത് മോദിയുടെ അനുഭവത്തില്‍ നിന്നാണോ എന്നും രാഹുല്‍ ഗാന്ധി ചോദ്യമുയര്‍ത്തി.


‘ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി അംബാനിയെയോ അദാനിയേയോ വിമര്‍ശിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അവര്‍ നിങ്ങള്‍ക്ക് പണം തന്നിരുന്നോ? ഒരു ടെംപോ നിറയെ പണം ഇപ്പോള്‍ കോണ്‍ഗ്രസില്‍ എത്തിയിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി വന്‍കിട കോര്‍പറേറ്റുകളെ കുറ്റം പറഞ്ഞ രാഹുല്‍ ഗാന്ധി പെട്ടന്ന് നിശബ്ദനായതില്‍ എന്തോ കള്ളം ഒളിഞ്ഞിരിക്കുന്നുണ്ട്,’ എന്നായിരുന്നു മോദി പറഞ്ഞത്.

എന്നാല്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ ഉടനടി മറുപടി നല്‍കികൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. തന്റെ സഹോദരന്‍ നിരന്തരമായി അദാനിയെക്കുറിച്ചും അംബാനിയെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും അദാനിയെക്കുറിച്ചുള്ള സത്യങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാറുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയും വ്യവസായ പ്രമുഖരും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി പൊതുജനങ്ങളോട് പറയാറുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

‘നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ 16 ലക്ഷം കോടി കടം എഴുതി തള്ളി. എന്നാല്‍ പാവപ്പെട്ട കര്‍ഷകരുടെ ഒരു രൂപയെങ്കിലും എഴുതി തള്ളിയോ? ഇതിന് മോദി മറുപടി പറഞ്ഞേ മതിയാകു,’ എന്നും പ്രിയങ്ക വിമര്‍ശിച്ചിരുന്നു.

Content Highlight: Congress leader Rahul Gandhi responds to Prime Minister Narendra Modi’s Adani-Ambani remark