ബി.ജെ.പിയുടെ വിദ്വേഷവും മതഭ്രാന്തും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണ്; മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
national news
ബി.ജെ.പിയുടെ വിദ്വേഷവും മതഭ്രാന്തും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണ്; മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th June 2022, 10:39 pm

ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ വിദ്വേഷവും മതഭ്രാന്തും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണ്. ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ബി.ജെ.പിയുടെ വിദ്വേഷവും മതഭ്രാന്തും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണ്. സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താല്‍ ആയിരം പേര്‍ കൂടി ഉയരുകയുള്ളൂ. സ്വേച്ഛാധിപത്യത്തിന്മേല്‍ സത്യം വിജയിക്കുക തന്നെ ചെയ്യും,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ദല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്.

ഐ.പി.സി 295 എ (മതവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2020ലെ കേസിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

തീവ്രഹിന്ദുത്വ വാദി നേതാക്കളായ യതി നരസിംഹാനന്ദ്, മഹന്ത് ബജ്രങ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വര്‍ഗീയ വിദ്വേഷം പരത്തുന്നവരെന്ന് വിളിച്ചതിനാണ് മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരുന്നത്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.