ന്യൂദല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരുപക്ഷേ ഇത് ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടു മണിക്കൂര്‍ നാല്‍പ്പത് മിനിട്ടാണ് ധനമന്ത്രി പ്രസംഗം അവതരിപ്പിച്ചത്.
ക്ഷീണം മൂലം അവശേഷിച്ച രണ്ടു പേജുകള്‍ വായിക്കാതെ വിട്ട ധനമന്ത്രി അതു വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. സാമ്പത്തിക മാന്ദ്യവും വളര്‍ച്ചാ മുരടിപ്പും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്നതിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.
വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ ഐ.എം.എഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കൂടാതെ കഴിഞ്ഞ 40 മാസത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നവംബറില്‍ പുറത്തുവന്നിരുന്നു. പച്ചക്കറി, പാചക എണ്ണ തുടങ്ങിയവയിലും വിലക്കയറ്റം പ്രകടമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നാണയപ്പെരുപ്പം ഉയരുകയും അതേസമയം, സാമ്പത്തിക വളര്‍ച്ചകുറയുകയും ചെയ്യുന്ന അവസ്ഥ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.