ഹിമാചലില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കും; ഗുജറാത്തില്‍ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
national news
ഹിമാചലില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കും; ഗുജറാത്തില്‍ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th December 2022, 6:11 pm

അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍പദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വിജയം നേടിയ ഹിമാചല്‍ പ്രദേശിലെ വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ ഗുജറാത്തിലെ വിധിയിലും അദ്ദേഹം പ്രതികരിച്ചു. ഗുജറാത്തിലെ ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നുവെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.



 

‘ഈ നിര്‍ണായക വിജയത്തിന് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

പ്രവര്‍ത്തകരുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ഈ വിജയത്തിന് കാരണമായി. എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നു,’ ഹിമാചലിലെ വിജയത്തില്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 
 

‘ഗുജറാത്തിലെ ജനങ്ങളുടെ ജനവിധി ഞങ്ങള്‍ വിനയപൂര്‍വം അംഗീകരിക്കുന്നു. ഞങ്ങള്‍ പുനഃസംഘടിപ്പിക്കുകയും കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്കും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുമായി പോരാടുകയും ചെയ്യും,’ എന്നായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വിധി സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അതേസമയം, ഗുജറാത്തില്‍ ബി.ജെ.പി ചരിത്ര വിജയം നേടി. 182 മണ്ഡലങ്ങളുള്ള നിയമസഭയില്‍ 156 സ്ഥലത്ത് ബി.ജെ.പി ലീഡുയര്‍ത്തുമ്പോള്‍ കഴിഞ്ഞ തവണ 78 സീറ്റുള്ള കോണ്‍ഗ്രസ് ഇത്തവണ 17ല്‍ ഒതുങ്ങി. ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ വിജയിക്കുന്നത്. എന്നാല്‍ ഹിമാചലില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനായി. 40 സ്ഥലത്ത് കോണ്‍ഗ്രസിന് ലീഡ് ഉണ്ടായപ്പോള്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി 24 സീറ്റില്‍ ഒതുങ്ങി.


Content Highlight: Congress leader Rahul Gandhi reacted after the results of Gujarat and Himachal Pradesh elections were released