ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങ് പിടിയിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്തുകൊണ്ടാണ് സംഭവത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ദവീന്ദര്‍ സിങിനെതിരെ നടപടികള്‍ വേഗത്തിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്‍.എസ്.എയും ദവീന്ദര്‍ സിങിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും പുല്‍വാല ആക്രമണത്തില്‍ ദവീന്ദറിന്റെ പങ്കെന്താണെന്നും
ദവീന്ദര്‍ സിങ് എത്ര തീവ്രവാദികളെ സംരക്ഷിച്ചിട്ടുണ്ടെന്നും ആരാണ് ദവീന്ദറിനെ
സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
” ഇന്ത്യക്കാരുടെ രക്തം കൈകളില്‍ പുരണ്ട മൂന്ന് തീവ്രവാദികള്‍ക്കാണ് ദവീന്ദര്‍ സംരക്ഷണം നല്‍കിയത്. ദല്‍ഹിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു. ആറുമാസത്തിനകം അതിവേഗകോടതിയിലൂടെ ദവീന്ദര്‍ സിങിന്റെ വിചാരണ പൂര്‍ത്തിയാക്കണം.
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇന്ത്യക്കെതിരെ നടത്തിയ രാജ്യദ്രേഹത്തിന് സാധ്യമായ എറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണം”, രാഹുല്‍ ട്വീറ്റ് ചെയ്തു.