ജയ്പൂര്‍: ഹന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇംഗ്ലീഷ് ആവശ്യമില്ലെന്ന് ബി.ജെ.പി പറയുമ്പോഴും അവരുടെ എം.പിമാരുടെയും മന്ത്രിമാരുടെയും മക്കള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണെന്ന് രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പി മന്ത്രിമാരും എം.പിമാരും പറയുന്നത് ഇംഗ്ലീഷ് ഭാഷ ആവശ്യമില്ലെന്നാണ്. എന്നാല്‍ അവരുടെ മക്കളെ കുറിച്ച് ചോദിച്ചപ്പോള്‍ അവരെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്നവരാണ്. പാവപ്പെട്ടവരുടെ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല, അതാണ് സത്യം,’ രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റിലെ തന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായും രാഹുല്‍ ആരോപിച്ചു. അദാനിക്കെതിരെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് ശേഷമാണ് തന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
’10 വര്‍ഷത്തിനുള്ളില്‍ വനിതാ സംവരണം നടപ്പാക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. എന്നാല്‍ ഞങ്ങള്‍ അത് ഇന്ന് തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. ഒ.ബി.സികളെയും അതില്‍ ഉള്‍പ്പെടുത്തണം.
ജാതി സെന്‍സസ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ബി.ജെ.പി എം.പിമാര്‍ എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഒ.ബി.സികളെക്കുറിച്ചും അവരോടുള്ള ബഹുമാനത്തെക്കുറിച്ചും സംസാരിക്കുന്ന
പ്രധാനമന്ത്രി, പിന്നെ എന്തിനാണ് ജാതി സെന്‍സസിനെ ഭയപ്പെടുന്നത്,’ രാഹുല്‍ പറഞ്ഞു.
Content Highlight: Congress leader Rahul Gandhi has criticized the central government’s move to impose Hindi language