ന്യൂദല്‍ഹി: രാജ്യത്ത് അനിയന്ത്രിതമായി വര്‍ധിക്കുന്ന ഇന്ധനവിലയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധന വില വര്‍ധനയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ പൊതുഗതാഗതത്തിനായുള്ള നീണ്ടവരിക്ക് കാരണം കൊവിഡ് നിയന്ത്രണങ്ങളാലുള്ള പ്രതിസന്ധി മാത്രമല്ല.
യഥാര്‍ഥ കാരണം അറിയാന്‍, നിങ്ങളുടെ നാട്ടിലെ പെട്രോള്‍- ഡീസലിന്റെ നിരക്ക് പരിശോധിച്ചാല്‍ മതി,’ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പറഞ്ഞു.
അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്.മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്.
മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.11 രൂപയും ഡീസലിന് 94.54 രൂപയുമാണ്. ചെന്നൈയില്‍ വില യഥാക്രമം 99.80 രൂപ, 94.54 രൂപയാണ്. കൊല്‍ക്കത്തയില്‍ വില യഥാക്രമം 98.64 രൂപ, 92.03 രൂപ, ഡല്‍ഹി 98.81, 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.