ന്യൂദല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റില്‍ ജേതാക്കളായ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇവര്‍ ചരിത്രം രചിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ സിനിമയുടെ കൂട്ടായ്മയ്ക്ക് തന്നെ ഇവര്‍ പ്രചോദനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്’ വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയ പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
‘ദ ഷെയ്ംലെസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അനസൂയ സെന്‍ഗുപ്തയ്ക്കും രാഹുല്‍ ഗാന്ധി അഭിനന്ദങ്ങള്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സിനിമയില്‍ പറഞ്ഞുപോരുന്നത്.
പായല്‍ കപാഡിയ സംവിധാനം ചെയ്ത സിനിമ ഗോള്‍ഡന്‍ പാം വിഭാഗത്തിലാണ് മത്സരിച്ചത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതയുടെ സിനിമ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നതും.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. അഭിമാനകരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ പായല്‍ കപാഡിയയ്ക്കും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.
‘ദ ഷെയ്ംലെസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അനസൂയ സെന്‍ഗുപ്തയ്ക്കും അഭിനന്ദനങ്ങള്‍. ഈ സ്ത്രീകള്‍ ചരിത്രം രചിക്കുകയാണ്, ഇവര്‍ ഇന്ത്യന്‍ ചലച്ചിത്ര കൂട്ടായ്മയെ മുഴുവന്‍ പ്രചോദിപ്പിക്കുകയാണ്.
Content Highlight: Congress leader Rahul Gandhi congratulated the Indian stars who won the Cannes Film Festival