അഹ്മദാബാദ്: മോദി പരാമര്‍ശത്തിലുള്ള മാനനഷ്ടക്കേസിലെ ശിക്ഷാ വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. സൂറത്ത് സി.ജെ.എം കോടതിയുടെ ശിക്ഷാ വിധിയും കുറ്റക്കാരനെന്ന വിധിയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നേരിട്ടെത്തിയാണ് തിങ്കളാഴ്ച വൈകീട്ട് അപ്പീല്‍ നല്‍കിയത്.
ഇതോടെ രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെ കോടതി നീട്ടി. പ്രിയങ്ക ഗാന്ധിയും അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗേല്‍, സുഖ്വീന്ദര്‍ സിങ് സുഖു തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സൂറത്തിലെത്തി രാഹുലിന് പിന്തുണ നല്‍കി.
തന്റേത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും, ഇതില്‍ സത്യമാണ് തന്റെ ആയുധമെന്നും കോടതി നടപടികള്‍ക്ക് ശേഷം രാഹുല്‍ പറഞ്ഞു.
‘ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള, ‘മിത്രകലി(മോദി അദാനി സൗഹൃദം)’നെതിരെയുള്ള പോരാട്ടമാണ്, ഈ പോരാട്ടത്തില്‍ സത്യമാണ് എന്റെ ആയുധം, സത്യമാണ് എന്റെ പിന്തുണ!,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്താന്‍ മോദി-ഷാ പരമാവധി ശ്രമിച്ചിട്ടും ആയിരക്കണക്കിന് പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും ഇന്ന് സൂറത്തിലെത്തി പിന്തുണ നല്‍കിയെന്ന് എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു.
‘ഇത് രാഹുല്‍ ഗാന്ധിയുടെ മാത്രം പോരാട്ടമല്ല. ജനാധിപത്യ വിരുദ്ധവും അഴിമതി നിറഞ്ഞതും ജനവിരുദ്ധവുമായ ഭരണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടമാണിത്.
ഊര്‍ജസ്വലരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്താന്‍ മോദി-ഷാ പരമാവധി ശ്രമിച്ചിട്ടും, ആയിരക്കണക്കിന് പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും ഇന്ന് സൂറത്തില്‍ എത്തി രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കി. ഞങ്ങളുടെ പോരാട്ടം തുടരും,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Content Highlight: Congress leader Rahul Gandhi appeals Gujarat Surat Sessions Court against conviction in Modi reference defamation case