ഹൈദരാബാദ്: ചാര്‍മിനാറിന് സമീപം ഹിന്ദു ആരാധനാലയം ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഫോട്ടോയ്‌ക്കെതിരെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജി. നിരഞ്ജന്‍ രംഗത്തെത്തി.[]
കഴിഞ്ഞ ദിവസം ഹിന്ദു ദിനപത്രമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പകര്‍ത്തിയ ചിത്രം പുറത്ത് വിട്ടത്. ചാര്‍മിനാറിന്റെ പഴയ ചിത്രത്തില്‍ ഭാഗ്യലക്ഷ്മി ക്ഷേത്രം നിലനിന്നിരുന്നതിന്റെ ഒരു അടയാളവും ഉണ്ടായിരുന്നില്ലെന്നും 420 വര്‍ഷം പോയിട്ട് 60 വര്‍ഷം മുന്‍പ് പോലും ഇത്തരമൊരു ക്ഷേത്രം ചാര്‍മിനാറിന് സമീപമായി ഉണ്ടായിരുന്നില്ലെന്നും ഫോട്ടോയ്‌ക്കൊപ്പം വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ 60 വര്‍ഷം മുന്‍പ് പകര്‍ത്തിയതെന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫോട്ടോയും വാര്‍ത്തയും തെറ്റാണെന്നാണ് നിരഞ്ജന്‍ പറയുന്നത്. യാഥാര്‍ത്ഥ്യമല്ലാത്ത ഒരു കഥ മെനഞ്ഞുണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈദരാബാദിലെ ഒരാള്‍ പോലും ഇക്കാര്യം വിശ്വസിക്കുകയില്ല. ഈ വാര്‍ത്ത പുറത്ത് വിട്ട ലേഖകന്‍ ചാര്‍മിനാറിന്റെ ചരിത്രത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവരുമായി സമീപിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 5 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി തന്നെ ഹിന്ദു ആരാധനാലയത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടാക്കരുതെന്ന് നിര്‍ദേശിച്ചതാണ്. ആ സാഹചര്യത്തില്‍ ഇത്തരമൊരു ഫോട്ടോ പ്രസിദ്ധപ്പെടുത്തിയതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.