| Sunday, 26th February 2023, 4:34 pm

'ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ', പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം, രാജ്യത്തിന്റെ കരുത്ത് കാണിക്കാന്‍ സമയമായി: പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂവെന്നും എല്ലാവരും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

‘തെരഞ്ഞെടുപ്പിന് നമുക്ക് മുമ്പില്‍ ഒരു വര്‍ഷം മാത്രമാണ് ബാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുമെന്ന പ്രതീക്ഷയുണ്ട്. ബി.ജെ.പിക്കെതിരായ എല്ലാ പാര്‍ട്ടികളും മനുഷ്യരും ഒത്തൊരുമയോടെ നില്‍ക്കണം. ഒരുമിച്ച് പോരാടണം,’ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

നിലവിലെ സര്‍ക്കാരിന്റെ വീഴ്ചകളെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രിയങ്ക പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ ശരിയായ ധൈര്യം കാണിക്കേണ്ട സമയമായെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിന് പിന്നാലെയാണിത്. കേന്ദ്രം ഭരിക്കുന്നവരുടെ ഡി.എന്‍.എ പാവപ്പെട്ടവര്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയ, പ്ലീനറിയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തെ കുറിച്ച് കൂടുതല്‍ കാര്യക്ഷമമായി ചര്‍ച്ച ചെയ്യാമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന രാജ്യത്തിന്റെ ആശയത്തെ കൃത്യമായി മനസിലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണം. ചില കാര്യങ്ങളില്‍ നിലപാട് സ്വീകരിക്കാതിരിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ പോസ്റ്ററിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പോസ്റ്ററില്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെയാണ് എ.ഐ.എം.ഐ.എമ്മിന്റെ വിമര്‍ശനം. ബാബരി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന വ്യക്തിയാണ് നരസിംഹ റാവുവെന്നും അത് മറക്കരുതെന്നും എ.ഐ.എം.ഐ.എം ട്വിറ്ററില്‍ കുറിച്ചു. പോസ്റ്ററില്‍ മൗലാന അബ്ദുള്‍ കലാം ആസാദിനെ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനം സജീവമാകുകയാണ്.

Content Highlight: Congress leader Priyanka Gandhi wants the opposition parties to unite against the BJP in the upcoming general elections

We use cookies to give you the best possible experience. Learn more