ന്യൂദല്‍ഹി: കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായിരുന്ന പ്രത്വിരാജ് ചവാന്‍. കേരളത്തില്‍ ബി.ജെ.പി ദുര്‍ബലരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചവാന്റെ നിരീക്ഷണം.
കേരളത്തില്‍ ബി.ജെ.പി ദുര്‍ബലമാണെന്നും ഇടതുപക്ഷവുമായിട്ടായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാന മത്സരമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും ധാരണയിലെത്തണമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉയരുന്നത് കര്‍ണാടകയില്‍ നിന്നായിരുന്നു. പിന്നീട് തമിഴ്‌നാട് കോണ്‍ഗ്രസും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നീട് രാഹുല്‍ കേരളത്തിലെ വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം കെ.പി.സി.സി ഉന്നയിക്കുകയായിരുന്നു.
Also Read ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് രാഹുല്‍ ഗാന്ധി വിസമ്മതിച്ചു: കെജ്രിവാള്‍
എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതിനെ എതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇടതുപാര്‍ട്ടികളും ഈ തീരുമാനത്തിന്റെ നൈതികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കേരളത്തിലെ 20 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലൊരാളായെ രാഹുല്‍ ഗാന്ധിയെ പരിഗണിക്കുകയുള്ള എന്ന് രാഹുലിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടില്‍ തന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ടോടെ താന്‍ കോഴിക്കോട്ടേക്ക് എത്തുമെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
നാളെ ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് പുറപ്പെടുക. വ്യാഴാഴ്ചയാണ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് പ്രഖ്യാപനം വന്നത്. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ണാടക തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായ വയനാട്ടില്‍ മത്സരിക്കാന്‍ അദ്ദേഹം പൂര്‍ണസമ്മതം അറിയിച്ചിട്ടുണ്ടെന്നും വയനാട്ടില്‍ അനുകൂല സാഹചര്യമാണെന്നും ആന്റണി പറഞ്ഞിരുന്നു.