മലപ്പുറം: വര്‍ഗീയ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തരുതെന്ന് മുസ്‌ലിം പള്ളികള്‍ക്ക് മാത്രം നോട്ടീസ് നല്‍കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.കെ ഫിറോസ്.
വര്‍ഗീയ വിദ്വേഷ സംസാരങ്ങള്‍ ഉണ്ടാവരുതെന്നു നോട്ടീസ് നല്‍കാന്‍ പോലീസിനുള്ള ധൈര്യം എന്നതിനപ്പുറത്ത് അവരെ നയിക്കുന്ന മനോഭാവം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
സാഹോദര്യത്തിന്റെ ആഹ്വാനങ്ങള്‍ അല്ലാതെ ഇക്കാലമത്രയും ഏതെങ്കിലും തരത്തില്‍ അപരമത വിദ്വേഷമുണ്ടാക്കുന്ന മുനവെച്ച സംസാരമെങ്കിലും പള്ളികളില്‍ നിന്നുയര്‍ന്നത് ആരും കേട്ടിട്ടുണ്ടാവില്ലെന്നും ഇത്തരം വിഷയങ്ങളെ വൈകാരികമായല്ല വിചാരപരമായാണ് സമീപിക്കേണ്ടത് എന്നാണ് ഖത്തീബിന്റെ ഉദ്‌ബോധനമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സീറ്റിലും ജയിക്കാതിരുന്നിട്ടും ബി.ജെ.പി ഹാപ്പിയാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ബോധപൂര്‍വ്വമുള്ള ഈയൊരു മുന്‍വിധി കണ്ടില്ലേ? സംഘപരിവാര്‍ ആഗ്രഹിക്കും വിധം നൃത്തമാടാന്‍ പോന്ന കലാവൈഭവം ഇവിടുത്തെ പൊലീസിനുണ്ട്.
കേരളത്തില്‍ ബി.ജെ.പി ജയിച്ചില്ലെന്നത് തികച്ചും സാങ്കേതികത്വം മാത്രമാണ്. കേരളാ ആഭ്യന്തര വകുപ്പ് സംഘപരിവാറിന്റെ കയ്യിലാണ്. മുഖ്യമന്ത്രി പഠിക്കാന്‍ പറഞ്ഞയച്ചത് ഗുജറാത്ത് മോഡല്‍ മാത്രല്ല കൂട്ടത്തില്‍ യു.പി മോഡലുമുണ്ട്,’ പി.കെ. ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി വി.ടി. ബല്‍റാമും രംഗത്തെത്തി.
മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് എന്തിനാണെന്നും ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോയെന്നും വി.ടി. ബല്‍റാം ചോദിച്ചു.
ജോര്‍ജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാര്‍ തന്നെയായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തെ സംഘാടകര്‍ ശരിവയ്ക്കുന്നു. നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങള്‍ക്കും വേദിയായത് ആരാധനാലയങ്ങള്‍ തന്നെയാണ്.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി. പിന്നെന്തിനാണ് മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്?,’ വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.
Content Highlights: Congress leader PK Feroz has lashed out at the government for issuing notices only to mosques not to make hate speeches