രാജ്യസഭയിലെ മോദിയുടെ വാക്കുകള്‍ രാജ്യത്തെ നാണം കെടുത്തി, ഞെട്ടലിപ്പോഴും മാറുന്നില്ല; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര
national news
രാജ്യസഭയിലെ മോദിയുടെ വാക്കുകള്‍ രാജ്യത്തെ നാണം കെടുത്തി, ഞെട്ടലിപ്പോഴും മാറുന്നില്ല; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 5:00 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ ഞെട്ടലിലാണ് താന്‍ ഇപ്പോഴുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ വെച്ച് മോദി നടത്തിയ പരാമര്‍ശങ്ങളോടായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.

നെഹ്‌റുവിന്റെ പേര് ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മടിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു.

‘പ്രധാനമന്ത്രി പദത്തിന്റെ രണ്ടാം ടേമില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത് എന്നെ ശരിക്കും ഞെട്ടിച്ചു. ഇപ്പോഴും ആ ഞെട്ടലിലാണ് ഞാന്‍. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന് തന്നെ നാണക്കേടാണ്. ഇത് നമുക്ക് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല, ഇതാകരുത് ഇന്ത്യയുടെ ‘ന്യൂ നോര്‍മല്‍’,’ പവന്‍ ഖേര ട്വീറ്റില്‍ പറഞ്ഞു.

നെഹ്‌റുവിന്റെ പേര് ചേര്‍ക്കാന്‍ കുടുംബാംഗങ്ങള്‍ പോലും മടിക്കുമ്പോള്‍ തങ്ങളെ എന്തിനാണ് ചോദ്യം ചെയ്യുന്നതായിരുന്നു മോദി രാജ്യസഭയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ചോദിച്ചത്.

‘എന്തുകൊണ്ടാണ് നെഹ്റുവിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍ താത്പര്യപ്പെടാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. നെഹ്റുവിന്റെ പേര് ഒപ്പം വെക്കുന്നതില്‍ എന്തെങ്കിലും നാണക്കേട് ഉണ്ടോ? ഇത്രയും ബഹുമാന്യനായ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍ പോലും തയ്യാറാകാത്തപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഞങ്ങളെ ചോദ്യം ചെയ്യുന്നത്?,’ മോദി പ്രസംഗത്തിനിടയില്‍ പറഞ്ഞു.

 

അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ പാര്‍ലമെന്റിലെ പ്രധാന ചര്‍ച്ചാ വിഷയമായ അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മോദി-അദാനി ബന്ധത്തെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങളെല്ലാം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

 

ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തുവന്നു. മോദിയുടെ മണിക്കൂറുകള്‍ നീണ്ട ജല്‍പനങ്ങളില്‍ അദ്ദേഹം 2005ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായ ക്യാഷ്-ഫോര്‍-ക്വറി അഴിമതികേസിനെ കുറിച്ച് സംസാരിച്ചു. അദ്ദേഹം യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

പക്ഷെ ആ അഴിമതിയില്‍ ഉള്‍പ്പെട്ട 11 പേരില്‍ ആറ് പേരും ബി.ജെ.പി എം.പിമാരായിരുന്നു. അന്ന് എം.പിമാരെ പുറത്താക്കുന്നതിന് വേണ്ടി പ്രണബ് മുഖര്‍ജിയും മന്‍മോഹന്‍ സിങ്ങും പ്രമേയം അവതരിപ്പിച്ചപ്പോള്‍ ബി.ജെ.പി ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തിന് വിപരീതമായി ഇപ്പോള്‍ പ്രധാനമന്ത്രി പറയുന്ന നുണകളും സഭ നീക്കം ചെയ്യുമോ എന്ന് ജയറാം രമേശ് ചോദിച്ചു.

Content Highlight: Congress leader Pawan Khera against Modi over his remarks against Congress and Nehru’s name