ഇപ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാല്‍
Kerala News
ഇപ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 6:34 pm

തിരുവനന്തപുരം: കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ പറഞ്ഞു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു പദ്മജ വേണുഗോപാലിന്റെ പരാമര്‍ശം.

‘2014 മെയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായിരുന്നു. അന്ന് ദല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.

14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില 102 ഡോളര്‍ മാത്രമുള്ളപ്പോള്‍ പെട്രോളിന് 115 രൂപയും തൊട്ടുപിന്നാലെ ഡീസല്‍ വിലയും.

2014 ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസമാണ് നാം കണ്ടത്. 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തി ഇടിഞ്ഞപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചില്ല. അതിന് കാരണം എന്ത്?’ കുറിപ്പില്‍ പദ്മജ ചോദിക്കുന്നു.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 147.27 ഡോളറില്‍ എത്തിയപ്പോള്‍ അന്ന് കേന്ദ്ര സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ലഭിച്ചിരുന്നതെന്നും എന്നാല്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും മോദി സര്‍ക്കാര്‍ മറ്റ് നികുതികള്‍ കൂട്ടി ഇന്ധന വില വര്‍ധിപ്പിക്കുകയായിരുന്നുവെന്നും പദ്മജ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇന്നും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 84 പൈസയുമാണ് വര്‍ധിക്കിച്ചത്. 15 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 2 പൈസയും ഡീസലിന് 9 രൂപ 65 പൈസയുമാണ് കൂട്ടിയത്.

 

കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് കഴിഞ്ഞ ദിവസം മാത്രം വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വര്‍ധനവുമുണ്ടായി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നാല് മാസത്തിലധികം ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില കുത്തനെ ഉയരുകയായിരുന്നു.

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചിരുന്നു.

 

പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

 

കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ ഇന്ന് 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നു. 2014 മെയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായിരുന്നു. അന്ന് ദല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.

14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില 102 ഡോളര്‍ മാത്രമുള്ളപ്പോള്‍ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെ ഡീസല്‍ വിലയും. 2014ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസമാണ് നാം കണ്ടത്. 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തി ഇടിഞ്ഞപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചില്ല. അതിന് കാരണം എന്ത്?

കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 147.27 ഡോളറില്‍ എത്തിയപ്പോള്‍ പോലും അന്ന് കേന്ദ്ര സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയുമാണ് എക്‌സൈസ് ഡ്യൂട്ടി ലഭിച്ചിരുന്നത്. പക്ഷെ മോദി സര്‍ക്കാര്‍, ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്പോള്‍ മറ്റു നികുതികള്‍ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ടിരുന്നു. അതുകൊണ്ട് ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല.

കോണ്‍ഗ്രസ് ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോള്‍ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു. ഈ ഭീമമായ നികുതി ചുമത്തല്‍ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും ഭീമമാകാന്‍ കാരണം.

Content Highlight: Congress Leader Padmaja Venugopal says Petrol will be available for 75 Rs if Congress was ruling India