| Thursday, 21st January 2021, 5:00 pm

'സമത്വമെന്നാൽ തുല്യ നീതിയാണ്'; എന്തുകൊണ്ടാണ് സിദ്ദീഖ് കാപ്പനും മുനവർ ഫറൂഖിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നത്; കോടതിക്കെതിരെ പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹാത്രാസ് കൂട്ടബലാത്സം​ഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.ചിദംബരം.

”എന്തുകൊണ്ടാണ് കോടതി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫറൂഖിയ്ക്കും മാത്രം ജാമ്യം നിഷേധിക്കുന്നത്. സമത്വമെന്നാൽ തുല്യ നീതി ലഭിക്കലും, നിയമപരമായ നിബന്ധനകൾ ഒരേ പോലെ ബാധകമാവുന്നതുമാണ്,” പി ചിദംബരം പറഞ്ഞു.

നേരത്തെ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന് കീഴിലുള്ള ഭരണഘടനാ ബെഞ്ചും, ജസ്റ്റിസ് ചന്ദ്രചൂഢന് കീഴിലുള്ള മറ്റൊരു ബെഞ്ചും മുന്നോട്ടുവെച്ച “ജാമ്യമാണ് നിയമം, ജയിൽ ആക്ഷേപമാണെന്നുള്ള” തത്വം എല്ലാ കേസുകളുടെ കാര്യത്തിലും എന്തുകൊണ്ടാണ് ബാധകമാവാത്തത് എന്ന് ചിദംബരം ചോദിച്ചിരുന്നു.

ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദിഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയും ചുമത്തിയിരുന്നു.

അറസ്റ്റ് ചെയ്ത് 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനെ കാണാന്‍ പോലും ഉത്തര്‍ പ്രദേശ് പൊലീസ് സിദ്ദിഖിനെ അനുവദിച്ചത്.

സിദ്ദിഖ് കാപ്പനെതിരെയുള്ള നടപടി മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേലുള്ള കയ്യേറ്റമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകനും കേസില്‍ സിദ്ദിഖിന് വേണ്ടി കെ.യു.ഡബ്ല്യു.ജെ സമര്‍പ്പിച്ച ഹരജിയില്‍ ഹാജരാവുന്ന അഡ്വ. വില്‍സ് മാത്യൂസ് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

സിദ്ദിഖ് കാപ്പന്റെ മോചനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി സാമൂഹ്യപ്രവർത്തകര്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന്
അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി അതിവേഗം പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ വിഷയം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പുതുവത്സരാഘോഷ ചടങ്ങിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് 28കാരനായ സ്റ്റാന്‍ഡ്അപ് കൊമേഡിയൻ ഫാറൂഖിയെ ഇൻഡോറിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബി.ജെ.പി എം.എൽ.എയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയെ സമീപിച്ചിട്ടും ഇതുവരെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress leader P Chitambaram Criticizes Court’s on Siddhiq Kappan and Munavar Faruqui Case

We use cookies to give you the best possible experience. Learn more