| Wednesday, 2nd March 2022, 7:56 am

ഈ ബാലന്‍സിങ് ആക്ട് അവസാനിപ്പിച്ച് റഷ്യയോട് ഉക്രൈനില്‍ ബോംബിടുന്നത് നിര്‍ത്താന്‍ പറയൂ; കേന്ദ്രസര്‍ക്കാരിനോട് പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ ഗൗരവകരമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

വാക്കുകള്‍ കൊണ്ടുള്ള ബാലന്‍സിങ് ആക്ട് ഇന്ത്യ അവസാനിപ്പിക്കണമെന്നും നിലപാടുകള്‍ കൂടുതല്‍ ശക്തമാക്കണമെന്നുമാണ് ബി.ജെ.പി സര്‍ക്കാരിനോട് ചിദംബരം പറഞ്ഞത്. ഉക്രൈനില്‍ ബോംബുകള്‍ വര്‍ഷിക്കുന്ന റഷ്യയുടെ നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും ചിദംബരം പറഞ്ഞു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായരുന്നു കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഉക്രൈനിലെ ആക്രമണങ്ങളും ബോംബിങും അവസാനിച്ചാല്‍ മാത്രമേ അവിടെ കുടുങ്ങിക്കിടക്കുന്ന വിദേശികള്‍ക്ക് സുരക്ഷിതമായി രാജ്യം വിടാനാകൂ എന്നും ചിദംബരം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

”അവിടെ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രക്രിയകള്‍ക്ക് ഉത്തരവിടുന്നതില്‍ സര്‍ക്കാരിന് കാലതാമസമുണ്ടായി. ആശങ്കപ്പെടേണ്ടതായുള്ള ഒന്നും അവിടെ സംഭവിക്കില്ല, എന്ന് വിദ്യാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചതില്‍ സര്‍ക്കാരിന് കുറ്റബോധമുണ്ട്,” ചിദംബരം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ സുരക്ഷിതമായ ഒരു സ്ട്രാറ്റജിക് പ്ലാന്‍ ഉണ്ടാക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ഉക്രൈനിലെ കാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഈ വിവരം സ്ഥിരീകരിച്ചിരുന്നു.


Content Highlight: Congress leader P Chidambaram says Indian Govt should stop verbal balancing act, ask Russia to stop bombing

We use cookies to give you the best possible experience. Learn more