| Thursday, 26th May 2022, 1:58 pm

40 മുതല്‍ 90 രൂപ വരെ ദിവസക്കൂലി; പട്യാല ജയിലില്‍ ക്ലര്‍ക്കായി സിദ്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്യാല: മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും ക്രിക്കറ്റ് താരവുമായിരുന്ന നവ്ജ്യോത് സിങ് സിദ്ദു പട്യാല സെന്‍ട്രല്‍ ജയിലില്‍ ക്ലര്‍കായി പ്രവര്‍ത്തിക്കും. 1988ലെ വാഹനാപകട കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ പ്രവേശിച്ച പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

തടവുകാരനായതിനാല്‍ ജയിലിനകത്ത് തന്നെയായിരിക്കും ജോലി ചെയ്യുക. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ഫയലുകളെല്ലാം ജയിലിനകത്ത് എത്തിച്ച് കൊടുക്കും.

സിദ്ദുവിന് മൂന്ന് മാസത്തെ പരിശീലനം നല്‍കുകയും ദൈര്‍ഘ്യമേറിയ കോടതി വിധികള്‍ എങ്ങനെ ചുരുക്കാമെന്നും ജയില്‍ രേഖകള്‍ ക്രോഡീകരിക്കാമെന്നും പഠിപ്പിക്കുകയും ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ജയില്‍ മാനുവല്‍ പ്രകാരം സിദ്ദുവിന് ആദ്യത്തെ 90 ദിവസത്തേക്ക് ശമ്പളമൊന്നും ലഭിക്കില്ല. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ പ്രതിദിനം 40 രൂപ മുതല്‍ 90 രൂപ വരെ കൂലി ലഭിക്കും. തുക അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേസില്‍ സുപ്രീം കോടതി സിദ്ദുവിനെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. പിന്നാലെ
പഞ്ചാബിലെ പട്യാല കോടതിയില്‍ അദ്ദേഹം കീഴടങ്ങിയിരുന്നു. നേരത്തെ സിദ്ദു കീഴടങ്ങാനായി സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

കാര്‍ പാര്‍ക്കിങ്ങിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ 1988ല്‍ ഗുര്‍ണാം സിങ് എന്നയാളെ ആക്രമിച്ച കേസില്‍ സിദ്ദുവിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

നേരത്തേ പഞ്ചാബ് ഹരിയാന ഹൈക്കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018ല്‍ 1000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഗുര്‍ണാം സിങ്ങിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷം തടവുകൂടി വിധിച്ചത്.

CONTENT HIGHLIGHTGHTS:  Congress leader Navjot Singh Sidhu, who is serving a one-year sentence in jail

We use cookies to give you the best possible experience. Learn more