പട്യാല: മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും ക്രിക്കറ്റ് താരവുമായിരുന്ന നവ്ജ്യോത് സിങ് സിദ്ദു പട്യാല സെന്‍ട്രല്‍ ജയിലില്‍ ക്ലര്‍കായി പ്രവര്‍ത്തിക്കും. 1988ലെ വാഹനാപകട കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ പ്രവേശിച്ച പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.
തടവുകാരനായതിനാല്‍ ജയിലിനകത്ത് തന്നെയായിരിക്കും ജോലി ചെയ്യുക. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ഫയലുകളെല്ലാം ജയിലിനകത്ത് എത്തിച്ച് കൊടുക്കും.
സിദ്ദുവിന് മൂന്ന് മാസത്തെ പരിശീലനം നല്‍കുകയും ദൈര്‍ഘ്യമേറിയ കോടതി വിധികള്‍ എങ്ങനെ ചുരുക്കാമെന്നും ജയില്‍ രേഖകള്‍ ക്രോഡീകരിക്കാമെന്നും പഠിപ്പിക്കുകയും ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയില്‍ മാനുവല്‍ പ്രകാരം സിദ്ദുവിന് ആദ്യത്തെ 90 ദിവസത്തേക്ക് ശമ്പളമൊന്നും ലഭിക്കില്ല. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ പ്രതിദിനം 40 രൂപ മുതല്‍ 90 രൂപ വരെ കൂലി ലഭിക്കും. തുക അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.