തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുക്കേണ്ട നല്ല സമയമിതാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട നല്ല സമയമിതാണ്. അദ്ദേഹത്തിന് മാത്രമേ ജനങ്ങളെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ. സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ പറയാന്‍ കഴിയും രാഹുലാണ് മതേതരത്വത്തിന്റെ യഥാര്‍ത്ഥ പോരാളി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞത് അദ്ദേഹത്തിന് നിരവധി രാഷ്ട്രീയ വഴികള്‍ ഇപ്പോഴുമുണ്ടെന്നാണ്. ഈ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാം, രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലെന്ന്’, മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധി തന്നെ ദേശീയ അധ്യക്ഷനായി മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥതനായ അശോക് ഗെഹ്ലോട്ടിനോട് ഇഷ്ടക്കുറവില്ലെങ്കിലും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയൊരാള്‍ നേതൃത്വത്തില്‍ ഉണ്ടാവണമെന്നാണ് നേതാക്കള്‍ ആഗ്രഹിക്കുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്കൊടുവിലാണ് തരൂരിന് മത്സരിക്കാന്‍ സോണിയ അനുമതി നല്‍കിയെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശശി തരൂര്‍ എം.പിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തില്ലെന്നും കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജി-23യുടെ ലേബലില്ലാതെ പൊതുസമ്മതനെന്ന നിലക്ക് മത്സരിക്കാനാണ് ശശി തരൂരിന് താല്‍പര്യം.
എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന നിലപാടാണ് ഗെലോട്ട് എടുത്തിരുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കണമെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായില്ലെങ്കില്‍ അത് രാജ്യത്തെ കോണ്‍ഗ്രസുകാര്‍ക്ക് നിരാശയായിരിക്കുമെന്നും ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, കൂടുതല്‍ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം നേരത്തെ പാസാക്കിയിരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയത്. ഇതിനിടെ അധ്യക്ഷനാകാനില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷന്‍ വരട്ടെ എന്നാണ് രാഹുല്‍ പറയുന്നത്.