കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല, തിരിച്ചടിയുണ്ടായതാണെന്ന് മുകുള്‍ വാസ്‌നിക്
national news
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല, തിരിച്ചടിയുണ്ടായതാണെന്ന് മുകുള്‍ വാസ്‌നിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th December 2022, 11:19 am

അഹമ്മദാബാദ്: കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്.

ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായതാണ്, എന്നാല്‍ ഇക്കാരണത്താല്‍ കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകുള്‍ വാസ്‌നിക്.

അതേസമയം, 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

150 സീറ്റിലാണ് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നത്. 19 സീറ്റില്‍ മാത്രമാണ് ഇതുവരെ കോണ്‍ഗ്രസിന് ലീഡ് നിലനിര്‍ത്താനായത്.

ബി.ജെ.പി മുന്നില്‍ നില്‍ക്കുന്ന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് ബഹൂദൂരം പിന്നിലാണെന്നാണ് വിവരം. അതേസമയം, ത്രികോണ മത്സരത്തിന് കോപ്പുകൂട്ടി സംസ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് വെറും ഏഴ് സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്.

ഗുജറാത്തില്‍ അപരാജിത മുന്നേറ്റത്തിലേക്ക് നീങ്ങുന്ന ബി.ജെ.പിക്ക് വെല്ലുവിളിയാകാന്‍ പോലും കോണ്‍ഗ്രസിനോ ആംആദ്മി പാര്‍ട്ടിക്കോ സാധിച്ചിട്ടില്ലെന്നാണ് വന്നുകൊണ്ടിരിക്കുന്ന മത്സര ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

തൂക്കുപാലം തകര്‍ന്ന 130 പേര്‍ കൊല്ലപ്പെട്ട ദുരന്തമുണ്ടായ മോര്‍ബിയിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് നിലവില്‍ മുന്നിലുള്ളത്.

ഇതോടെ തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തിലേറാനിരിക്കുന്നത്. 1995 മുതല്‍ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്.

1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 16 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നത്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയെ നേരിയ വ്യത്യാസത്തില്‍ മറികടന്ന് കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. 68 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി 29 സീറ്റുകളിലും കോണ്‍ഗ്രസ് 36 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.

Content Highlight: Congress Leader Mukul Vasnik about congress party fall in Gujarat poll