ന്യൂദല്‍ഹി: ബി.ജെ.പിയിലേക്കുള്ള ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ. ശ്രീധരന്റെ പ്രവേശനത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ് റ. ശ്രീധരന്റെ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് മിലിന്ദ് രംഗത്തുവന്നത്.
ഇ. ശ്രീധരന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബി.ജെ.പി. അനുഭാവിയാകണമെന്നില്ലെന്നാണ് മിലിന്ദ് ട്വീറ്റ് ചെയ്തത്.
തികഞ്ഞ പ്രൊഫഷണലും രാജ്യത്തെ വൈദഗ്ധ്യമുള്ള എന്‍ജിനീയര്‍-ബ്യൂറോക്രാറ്റുകളില്‍ ഒരാളുമാണ് ശ്രീധരനെന്നും രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ പോലുള്ളവരെ ഇനിയും ആവശ്യമുണ്ടെന്നും മിലിന്ദ് പറഞ്ഞു.
2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പ്രശംസിച്ചും മിലിന്ദ് രംഗത്തെത്തിയിരുന്നു.
വ്യാഴാഴ്ചയായിരുന്നു ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം ഇ. ശ്രീധരന്‍ സ്ഥിരീകരിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക