കണ്ണൂര്‍: സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് വേദിയില്‍. നിറഞ്ഞ കൈയടിയോടെയാണ് സദസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും വിലക്ക് ലംഘിച്ചാണ് അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കൊപ്പമാണ് കെ.വി. തോമസ് വേദിയിലെത്തിയത്.
‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലാണ് കെ.വി. തോമസ് സെമിനാറില്‍ സംസാരിക്കുന്നത്.
സെമിനാറില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രി കണ്ണൂരിലെത്തിയ കെ.വി. തോമസിന് ചുവപ്പ് ഷാള്‍ അണിയിച്ചാണ് സി.പി.ഐ.എം നേതൃത്വം സ്വീകരിച്ചത്.
പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണെന്നും തനിക്ക് പറയാനുള്ളത് സെമിനാര്‍ വേദിയില്‍ പറയുമെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.
ഹൈക്കമാന്റിന്റെയും കെ.പി.സി.സിയുടെയും വിലക്ക് ലംഘിച്ചതിന് കെ.വി. തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടായേക്കും. അദ്ദേഹത്തിന്റെ സി.പി.ഐ.എം വേദിയിലെ പ്രസംഗത്തിന് ശേഷം നടപടിയെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വമൊരുങ്ങുന്നത്.
കെ.വി. തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് കെ.വി. തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി.
കെ.വി. തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കുമെന്ന് എ.കെ. ബാലനും പറഞ്ഞു. കെ. സുധാകരന്റെ ഈ നിലപാട് കോണ്‍ഗ്രസുകാര്‍ക്ക് ഉള്‍കൊള്ളാനാവില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
കെ.വി. തോമസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാക്കിയിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു
അതേസയമം, പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെ.വി. തോമസിന് ഉജ്വല സ്വീകരണമായിരുന്നു സി.പി.ഐ.എം കഴിഞ്ഞ ദിവസം നല്‍കിയിരുന്നത്.
ചുവന്ന ഷാള്‍ അണിയിച്ചാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
നിറമേതായാലും ഷാള്‍ അല്ലേ എന്നതായിരുന്നു ചുവന്ന ഷാളിനെ കുറിച്ചുള്ള കെ.വി തോമസിന്റെ പ്രതികരണം. പറയാനുള്ളത് സെമിനാറില്‍ പറയും. കൂടുതല്‍ കാര്യങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കൂ എന്നും കെ.വി തോമസ് പറഞ്ഞു.