മോദിക്ക് 'ഹര്‍ ഘര്‍ തിരംഗ' വെറും നാടകവും ഫോട്ടോഷൂട്ടും; കറ കഴുകി വെളുപ്പിച്ച് കൊടുക്കുന്ന വാഷിങ് മെഷീന്‍ പോലെയാണ് ബി.ജെ.പി: കെ.സി. വേണുഗോപാല്‍
Kerala News
മോദിക്ക് 'ഹര്‍ ഘര്‍ തിരംഗ' വെറും നാടകവും ഫോട്ടോഷൂട്ടും; കറ കഴുകി വെളുപ്പിച്ച് കൊടുക്കുന്ന വാഷിങ് മെഷീന്‍ പോലെയാണ് ബി.ജെ.പി: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2022, 8:14 am

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പെയിന്‍ വെറും നാടകവും ഫോട്ടോഷൂട്ടുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനത്തിന്റെ ഭാഗമാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ നയിച്ച ‘സ്വാതന്ത്ര്യ അഭിമാന യാത്ര’യുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനിടയില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തുന്ന ആര്‍.എസ്.എസിനും സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനത്തിന്റെ ഭാഗമായ നരേന്ദ്ര മോദിക്കും ‘ഹര്‍ ഘര്‍ തിരംഗ’ ഫോട്ടോഷൂട്ടും നാടകവുമാണെന്നായിരുന്നു വേണുഗോപാല്‍ പറഞ്ഞത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് ത്രിവര്‍ണ പതാക ആത്മാവാണെന്നും രണ്ടാം സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ ഇന്ത്യയെ വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

”ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍മോചിതനായ സവര്‍ക്കറുടെ പാരമ്പര്യമല്ല കോണ്‍ഗ്രസിന്റേത്. യഥാര്‍ത്ഥ ഹിന്ദുക്കള്‍ ത്രിവര്‍ണ പതാകയെ അംഗീകരിക്കില്ലെന്ന് ‘ഓര്‍ഗനൈസറി’ല്‍ മുഖപ്രസംഗമെഴുതിയ ആര്‍.എസ്.എസുകാര്‍ ത്രിവര്‍ണ പതാകയുടെ മഹത്വം പഠിപ്പിക്കേണ്ടതില്ല,” കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍ എട്ട് വര്‍ഷത്തെ മോദി ഭരണത്തില്‍ ആര്‍ക്കാണ് സ്വാതന്ത്ര്യമുള്ളതെന്നും വേണുഗോപാല്‍ ചോദിച്ചു.

”സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജയിലില്‍ അടക്കുകയാണ്. ഇ.ഡിയുടെ കേസ് നേരിടുന്ന നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസെല്ലാം ഇല്ലാതാവുകയാണ്. കറ കഴുകി വെളുപ്പിച്ച് കൊടുക്കുന്ന വാഷിങ് മെഷീന്‍ പോലെയാണ് ബി.ജെ.പി,” അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

പരിപാടിയില്‍ എം.കെ. രാഘവന്‍ എം.പി, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും പങ്കെടുത്തു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ തുടങ്ങിവെച്ച ക്യാമ്പെയിനാണ് ഹര്‍ ഘര്‍ തിരംഗ. എല്ലാവരും ത്രിവര്‍ണ പതാകയുടെ ചിത്രം സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചറാക്കി മാറ്റണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.

Content Highlight: Congress leader KC. Venugopal says Har Ghar Tiranga campaign is just a drama and photoshoot for Narendra Modi