ന്യൂദല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യം ചോദ്യം ചെയ്ത ബി.ജെ.പിക്ക് മറുപടിയുമായി കപില്‍ സിബല്‍. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ അധ്യക്ഷനും ലണ്ടനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ആഷിശ് റെ ഇ-മെയില്‍ അയച്ച് ക്ഷണിച്ചിട്ടാണ് അവിടെ ചെന്നതെന്ന് കബില്‍ സിബല്‍ പറഞ്ഞു.
ലണ്ടനിലെ ഹാക്കത്തോണിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്ഷണം ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രതിനിധിയായിട്ടല്ല പങ്കെടുത്തതെന്നും കപില്‍ സബല്‍ വ്യക്തമാക്കി.
ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും ജനാധിപത്യവും സുതാര്യമായ തെരെഞ്ഞെടുപ്പ് സംബന്ധിച്ച വിഷയമാണിതെന്നും കപില്‍ സബല്‍ പറഞ്ഞു.
ഹാക്കര്‍ ഷുജാ പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമാണ്. ഷുജയെ കുറച്ച് സര്‍ക്കാര്‍ അന്വേഷിക്കട്ടെ. ഇത് ജനാധിപത്യത്തിന്റെ അതീജിവനത്തിന്റെ വിഷയമാണെന്നും സിബല്‍ പറഞ്ഞു.
ഹാക്കര്‍ ആരോപണമുന്നയിച്ച പരിപാടിയിലെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. പരിപാടിക്കു മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കപില്‍ സിബല്‍ ലണ്ടനു പോവുകയായിരുന്നുവെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് ആരോപണം.
പരിപാടിയില്‍ കപില്‍ സിബല്‍ ആകസ്മികമായി പങ്കെടുത്തതല്ലെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സിബലിനെ അയച്ചതാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
കോണ്‍ഗ്രസിന് നിരവധി ഫ്രീലാന്‍സര്‍മാരുണ്ടെന്നും നരേന്ദ്ര മോദിയെ മാറ്റാനായി ഇവര്‍ പാക്കിസ്ഥാനില്‍നിന്നു വരെ സഹായം തേടാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ ഹാക്കിങ് ഭീതി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നഖ്വി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബലിന്റെ വിശദീകരണം.
2014-ല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാട്ടിയാണ് ബി.ജെ.പി വിജയിച്ചതെന്ന് “സൈബര്‍ വിദഗ്ധന്‍” സയീദ് ഷൂജ യു.എസില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആരോപിച്ചിരുന്നു. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍(യൂറോപ്പ്) സംഘടിപ്പിച്ച “ഹാക്കത്തോണ്‍” എന്ന പരിപാടിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന ആരോപണം ഹാക്കര്‍ നടത്തിയത്. മുഖം മറച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാക്കര്‍ ആരോപണം ഉന്നയിച്ചത്. ഹാക്കിങിനു സഹായിച്ചത് റിലയന്‍സാണെന്നതടക്കം ഗുരുതരമായ വിവരങ്ങളാണ് ഷുജ വെളിപ്പെടുത്തിയത്.