ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളില്‍ നിന്നും പിന്നോട്ട് പോകുകയാണെന്നും ഇന്ത്യയിലെ എല്ലാ മേഖലകളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്ന സത്യത്തെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ വര്‍ഷവും രണ്ട് കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ പറഞ്ഞ വാക്ക് മോദി പാലിച്ചില്ലായെന്നും കനയ്യ വിമര്‍ശിച്ചു.
പാശ്ചാത്യരാജ്യങ്ങളെ പോലെയല്ല, ഇന്ത്യ. ഇവിടെ നിര്‍ബന്ധിത സൈനിക സേവനമില്ല. ആളുകളെ പിടിച്ചുകൊണ്ടുപോയി സൈന്യത്തില്‍ ചേര്‍ക്കുന്ന പരിപാടിയില്ല. ഇവിടെ ആളുകള്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. പക്ഷെ സര്‍ക്കാര്‍ അവരെ തടയുകയാണെന്നും അഗ്നിപഥ് പദ്ധതിയില്‍ സര്‍ക്കാര്‍ വെറുതെ ശാഠ്യം പിടിച്ചിരിക്കരുതെന്നും കനയ്യ കുമാര്‍ പ്രതികരിച്ചു.
അഗ്‌നിപഥ് പദ്ധതിയില്‍ പെന്‍ഷന്‍ ഇല്ലെന്നും ടെന്‍ഷന്‍ മാത്രമേ ഉള്ളൂവെന്നും കനയ്യ നേരത്തെ പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ യുവാക്കളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയാണ്. യുവാക്കള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ് ചെയ്യുന്നത്. സൈന്യം മാര്‍ക്കറ്റ് ചെയ്യേണ്ട ഒന്നല്ല എന്നും നിലവിലെ റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റം വരുത്തേണ്ട ആവശ്യം എന്താണെന്നും കനയ്യ കുമാര്‍ ചോദിച്ചു.
അതേസമയം ഇന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച കനയ്യകുമാറിനെ ജന്തര്‍ മന്ദറിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കനയ്യയെയും കൊണ്ടേ പോകൂ എന്ന് എം.പിമാര്‍ നിലപാടെടുത്തു.
ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ജന്തര്‍ മന്ദറിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ആഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ എം.പിമാരും ദല്‍ഹിയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ജന്തര്‍ മന്ദറിലേക്ക് എത്തിയിട്ടുണ്ട്.
Content Highlights: Congress leader Kanaya Kumar has lashed out at the central government about agneepath project