ന്യൂദല്‍ഹി: സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ പാര്‍ട്ടിയില്‍ നടപടിക്ക് ശിപാര്‍ശ.
കെ.വി. തോമസിനെ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് നീക്കാനും താക്കീത് നല്‍കാനുമാണ് അച്ചടക്ക സമിതിയുടെ തീരുമാനം. എ.ഐ.സി.സിയിലും രാഷ്ട്രീയകാര്യ സമിതിയിലും അംഗമാണ് കെ.വി. തോമസ്.
കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശിപാര്‍ശ സോണിയ ഗാന്ധിക്ക് സമര്‍പ്പിക്കും. നടപടി പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ദല്‍ഹിയില്‍ പറഞ്ഞു.
തീരുമാനം വരട്ടെയെന്നും താന്‍ എപ്പോഴും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും സോണിയ ഗാന്ധിയെ നേരിട്ടു കാണുമെന്നും കെ.വി. തോമസ് പ്രതികരിച്ചു.
എ.കെ. ആന്റണി അധ്യക്ഷനായ 5 അംഗ സമിതിയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. താരിഖ് അന്‍വറും സമിതിയില്‍ അംഗമായിരുന്നു.
പാര്‍ട്ടി വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടി വരുന്നത്. കെ.വി. തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു കെ.പി.സി.സി നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്.
കെ.പി.സി.സിയുടെ എതിര്‍പ്പും എ.ഐ.സി.സിയുടെ നിര്‍ദേശവും പരിഗണിച്ച് ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ.വി. തോമസ് സെമിനാറില്‍ പങ്കെടുത്തുവെന്ന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്ത് പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു.
ഇതുകൂടാതെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ കെ വി തോമസും പരസ്യ നിലപാട് എടുത്തിരുന്നു.
CONTENT HIGHLIGHTS: Congress leader K.V Thomas.Recommendation for action in the party against