തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റെടുത്തു. സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ ഇടതുപക്ഷം തനിക്ക് നേരെ ഉന്നയിക്കുന്ന ആര്‍.എസ്.എസ്. ബന്ധത്തിന് സുധാകരന്‍ മറുപടി നല്‍കി. അതൊരു അജണ്ടയുടെ ഭാഗമായി ആണെന്നും സി.പി.ഐ.എം.
കോണ്‍ഗ്രസിനെ ഭയക്കുന്നത് കൊണ്ടാണ് തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.
ആര്‍.എസ്.എസ്. ലേബലടിച്ച് കോണ്‍ഗ്രസിന്റെ നേതാക്കളെ തകര്‍ത്തുകളയാമെന്ന് ആരും വിചാരിക്കണ്ടെന്നും സുധാകരന്‍ പറഞ്ഞു.
‘കേരളത്തില്‍ ഞങ്ങള്‍ ആര്‍.എസ്.എസിന്റെ പിന്തുണ വാങ്ങി വോട്ട് നേടിയിട്ടില്ല. പക്ഷേ സി.പി.ഐ.എം. അങ്ങനെയല്ല, പിണറായി വിജയന്‍ ഒരുകാലത്ത് ആര്‍.എസ്.എസിന്റെ വോട്ട് നേടി ജയിച്ചയാളാണ്. ആ പിണറായി ആണോ ആര്‍.എസ്.എസ്. അതോ ഞാനാണോ എന്ന് ജനം തീരുമാനിക്കണം,’ കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് തകരേണ്ട പാര്‍ട്ടിയല്ലെന്നും ഈ രാജ്യം കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യം ഇന്ന് നില്‍ക്കുന്നത് കോണ്‍ഗ്രസ് ഉണ്ടാക്കിയ അടിത്തറക്ക് മുകളിലാണ്.
അഞ്ച് വര്‍ഷം കഠിനപ്രയത്നം ചെയ്താല്‍ മാത്രേമേ കോണ്‍ഗ്രസ് തിരിച്ചുവരികയുള്ളു. ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് മനസ്സുണ്ടെങ്കില്‍ വിജയിക്കാം, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ദിരാഭവനില്‍ മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി. പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരന്‍ ചുമതലയേറ്റെടുത്തത്. രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു. സുധാകരനൊപ്പം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ് എന്നിവരും ചുമതലയേറ്റു.
content highlights: Congress leader K Sudhakaran assumed office as the new Kerala Congress Pradesh Committee president