കോഴിക്കോട്: തന്നെ പിന്തുണച്ച് കോഴിക്കോട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാര്‍ട്ടി സമരമുഖത്ത് നില്‍ക്കുമ്പോള്‍ ഒരു ഫ്‌ളക്‌സ് വെച്ചത് പൊതു ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കേരളത്തിലും കേന്ദ്രത്തിലും ഭരണപക്ഷം സഭ തടസപ്പെടുത്തുകയാണ്. സീരിയസായ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി സമര മുഖത്താണ്. ഈ സമയത്ത് ഒരു ഫ്‌ളക്‌സ് വെച്ചത് പൊതു ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രവര്‍ത്തകരും അത് ഇഷ്ടപ്പെടുന്നില്ല,’ മുരളീധരന്‍ പറഞ്ഞു
കേരളത്തിലെ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി അംഗം താരിഖ് അന്‍വറുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
‘ദല്‍ഹിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആളാണ് ഞാന്‍. അവിടെ ഒരു സമവായത്തിന്റെ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ട് പോകും,’ കെ. മുരളീധരന്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘കേരള ജനത ഒന്നടങ്കം പറയുന്നു, ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’ എന്ന കുറിപ്പോടെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍വെച്ചിരുന്നത്.
ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് നഗരത്തില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. നിലവില്‍ വടകര ലോക്‌സഭാ മണ്ഡലത്തിലെ എം.പിയാണ് മുരളീധരന്‍.
Content Highlight: Congress leader K. Muralidharan responded to the incident of flux boards in Kozhikode city in support of him