തിരുവനന്തപുരം: പല്ല് ഉന്തിയതാണെന്ന കാരണത്താല്‍ ആദിവാസി യുവാവിന് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നിഷേധിച്ച പി.എസ്.സിയുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍.
പ്രബുദ്ധ കേരളം ബോഡി ഷെയ്മിങ് ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് ‘സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ബോഡി ഷെയ്മിങ്’ നടക്കുന്ന അവസ്ഥ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
പല്ല് ഒരു ഘടകമേ ആവാന്‍ സാധ്യതയില്ലാത്ത വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നടന്ന എഴുത്തുപരീക്ഷയിലും കായികക്ഷമതാ പരീക്ഷയിലും വിജയിച്ച മുത്തുവിനെയാണ് പല്ലിന്റെ സൗന്ദര്യം നോക്കി അഭിമുഖത്തിന് വിളിക്കാതെ ജോലിയില്‍ നിന്ന് തഴയാനുള്ള പി.എസ്.സിയുടെ തീരുമാനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സിയുടെ ശാരീരിക യോഗ്യതകള്‍ നോക്കിയുള്ളതാണത്രെ ഈ തീരുമാനം. ഉന്തിയ പല്ല് വനംവകുപ്പിന്റെ ഈ ജോലിക്ക് എങ്ങനെയാണ് മാനദണ്ഡമാകുന്നതെന്ന് വ്യക്തമാക്കേണ്ടത് പി.എസ്.സിയാണ്. ഏതോ കാലത്ത് ഉപേക്ഷിക്കേണ്ട ‘യോഗ്യത’കളുമായി പ്രാകൃത മനോനിലയിലാണ് പി.എസ്.സി പ്രവര്‍ത്തിക്കുന്നത്, മനുഷ്യാവകാശങ്ങളെ തച്ചുടയ്ക്കുന്നത് ഇനി നിയമമാണെങ്കില്‍പ്പോലും അത് തിരുത്തപ്പെടേണ്ടതാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഏറ്റവും അടിയന്തരമായിത്തന്നെ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം. ഉന്തിയ പല്ലൊക്കെ അയോഗ്യതയായി കാണുന്ന രീതിക്ക് ഇനിയെങ്കിലും മാറ്റം വരേണ്ടതുണ്ട്. പിന്‍വാതില്‍ വഴിയല്ല, പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് മുത്തുവിനെപ്പോലുള്ളവര്‍ ജീവിതവിജയം നേടുന്നത്. അതിനെ തിരസ്‌കരിച്ചുകൊണ്ട് നിലനിര്‍ത്തുന്ന ഒരു നിയമവും നീതിയാവില്ല. മുത്തുവിന് നീതിയാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് പല്ല് ഉന്തിയതാണെന്ന കാരണത്താല്‍ ജോലി നിഷേധിച്ചത്. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് താന്‍ അയോഗ്യനാണെന്ന് പി.എസ്.സി അറിയിച്ചതെന്നാണ് മുത്തു പറയുന്നത്.
ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്പെഷ്യല്‍ റിക്രൂട്മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണ് മുത്തു അഭിമുഖത്തിന് എത്തിയത്.
ഇതിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണ് പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാതിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
Content Highlight: Congress leader K.C. Venugopal said that the PSC’s action of denying the government job to the tribal youth is a gross violation of human rights