തിരുവനന്തപുരം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ ചട്ടവിരുദ്ധമായി നടത്തിയ സര്‍വകലാശാലാ നിയമനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും എന്നാല്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ അത് ചോദ്യം ചെയ്യണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
”ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസരംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനില്‍ക്കെത്തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ പോലും ചോദ്യം ചെയ്യേണ്ടതാണ്.
കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്,” കെ.സി. വേണുഗോപാല്‍ പോസ്റ്റില്‍ വ്യക്തമാക്കി.
ഒമ്പത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ ഇന്ന് 11.30ന് മുമ്പ് രാജി സമര്‍പ്പിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്നും പെട്ടെന്നൊരു ദിവസം വന്ന് വി.സിമാരോട് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാല്‍ ആത്മാഭിമാനമുള്ളവര്‍ക്ക് അത് പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ ഇന്ന ദിവസം ഇത്ര മണിക്കകം രാജിവെക്കണമെന്ന് കല്‍പിക്കാന്‍ ആര്‍ക്കും അധികാരമില്ല.
സര്‍ക്കാര്‍ സര്‍വീസിലെ സാധാരണ ജിവനക്കാരെ പോലും നോട്ടീസ് കൊടുക്കാതെ, വിശദീകരണം കേള്‍ക്കാതെ പിരിച്ചുവിടാന്‍ കഴിയില്ല. കേരളത്തിന്റെ ഭരണകാര്യങ്ങളില്‍ ചാന്‍സലര്‍ക്ക് ഇടപെടാന്‍ പറ്റില്ല.
ഒരു വി.സിമാരും രാജി വെക്കേണ്ടതില്ല. പെട്ടെന്നൊരു ദിവസം വന്ന് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാല്‍ അത് പറ്റില്ല. ആത്മാഭിമാനമുള്ള ആരും അത് ചെയ്യില്ല,” മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ തല്‍ക്കാലം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെയാണ് വി.സി നിയമനങ്ങള്‍ നടന്നതെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവര്‍ണര്‍ക്ക് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30നകം വി.സിമാര്‍ രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ രാജി വെക്കില്ലെന്നും കോടതിയെ സമീപിക്കില്ലെന്നും വി.സിമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും അധികം വി.സിമാരോട് രാജിവെക്കാന്‍ ഒരു ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
കേരള, എം.ജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വി.സിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്.
Content Highlight: Congress leader K.C. Venugopal’s fb post opposing Kerala governor Arif Mohammad Khan