| Sunday, 29th August 2021, 5:33 pm

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഇരുട്ടില്‍ നിര്‍ത്തി; അധികാരം കിട്ടിയെന്ന് കരുതി ഇഷ്ടക്കാരെ എല്ലായിടത്തും നിയമിക്കാനാവില്ല; വിമര്‍ശനവുമായി ജോസഫ് വാഴക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡി.സി.സി അധ്യക്ഷ പുനസംഘടനയില്‍ കേണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍.
ഇപ്പോഴത്തെ രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും പുനസംഘടനയില്‍ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്നും ജോസഫ് വാഴക്കന്‍ ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും വാഴക്കന്‍ ആരോപിച്ചു.

പാര്‍ട്ടി നേതൃത്വത്തിന്റെ ചുമതല എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകണം എന്നതാണെന്നും അതല്ലാതെ അധികാരം കിട്ടി എന്ന് കരുതി സ്വന്തം ഇഷ്ടക്കാരെ എല്ലായിടത്തും വെക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ക്ക് കെ.പി.സി.സി നിര്‍ദ്ദേശം നല്‍കി.

വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയിലെ തര്‍ക്കവും ഗ്രൂപ്പ് പോരും ഡി.സി.സി പ്രസിഡന്റ് ലിസ്റ്റ് പുറത്തുവന്നതോടെ രൂക്ഷമായിരിക്കുകയാണ്.

നേരത്തെ ഡി.സി.സി പുനസംഘടനയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അതേസമയം കൂടുതല്‍ ജനകീയമായ മുഖമാണ് ഈ പുനസംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടായതെന്നാണ് കെ. മുരളീധരന്‍ എം.പി പറഞ്ഞത്.

ഡി.സി.സി അധ്യക്ഷന്മാരുടെ ലിസ്റ്റ് താനും സുധാകരനും മൂലയില്‍ ഇരുന്ന് തയ്യാറാക്കി കൊടുത്തതല്ലെന്നും താഴെത്തട്ടിലുള്ളവരുമായി വരെ ചര്‍ച്ച നടത്തിയാണ് ഇത് തയ്യാറാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് പുറത്തുവിട്ടത്.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയ അന്തിമ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഗ്രൂപ്പ് തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ അനുയായികളെ സ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും ഇഷ്ടക്കാരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Congress leader Joseph Vazhakkan criticizes DCC president list
We use cookies to give you the best possible experience. Learn more