| Thursday, 9th March 2023, 1:36 pm

'എന്റെ തല എന്റെ ഫുള്‍ഫിഗര്‍'; മറ്റൊരാളുടെ പേരിലുള്ള സ്റ്റേഡിയത്തിന് സ്വന്തം പേരിട്ട് അതേ സ്റ്റേഡിയത്തില്‍ രഥയാത്ര; പരിസഹിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഇന്ത്യാ ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം കെട്ടിയുണ്ടാക്കിയ രഥത്തില്‍ സ്റ്റേഡിയം വലം വെച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്.

സ്വയം പൊങ്ങലിന്റെയും ആത്മ രതിയുടെയും അങ്ങേയറ്റമാണ് മോദിയുടെ പ്രവര്‍ത്തിയെന്നാണ് ജയറാം രമേഷ് ട്വീറ്റ് ചെയ്തത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ടെസ്റ്റ് സീരിസിലെ നാലാം മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നതിന് മുമ്പാണ് മോദിയുടെ ഗ്യാലറി പര്യടനം നടന്നത്.

ക്രിക്കറ്റ് രഥത്തിന്റെ മാതൃകയില്‍ അലങ്കരിച്ച ഗോള്‍ഫ് കാറിന് മുകളില്‍ കയറിയ മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഒപ്പം നിര്‍ത്തി സ്‌റ്റേഡിയം വലം വെക്കുകയാരുന്നു. തുടര്‍ന്ന് ഇരു നേതാക്കളും ചേര്‍ന്ന് കാണികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുകയും ചെയ്തു. ഇതിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് വക്താവിന്റെ ട്വീറ്റ്.

ജീവിച്ചിരിക്കെ മറ്റൊരാളുടെ പേരിലുള്ള സ്റ്റേഡിയത്തിന് സ്വന്തം പേരിട്ട് അതേ സ്റ്റേഡിയത്തിന് ചുറ്റും വലം വെച്ച പ്രധാനമന്ത്രിയുടെ നടപടി പൊങ്ങച്ചത്തിന്റെയും ആത്മ രതിയുടെയും അങ്ങേയറ്റമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനോടകം നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് പകരം ‘ക്രിക്കറ്റിലെ മോദി നയതന്ത്രം’ എന്നാണ് ബി.ജെ.പി പര്യടനത്തെ വിശേഷിപ്പിച്ചത്.

മുന്‍പ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന മെട്ടേര സ്റ്റേഡിയം നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയമാണ്. 2015ല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ച സ്റ്റേഡിയത്തിന് 2021ലാണ് നരേന്ദ്ര മോദിയുടെ പേര് നല്‍കി സര്‍ക്കാര്‍ ഉത്തരവിടുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്ന നടപടിയാണ് മോദി നടത്തിയതെന്നും അധികാരത്തിലെത്തിയാല്‍ പട്ടേലിന്റെ പേര് പുനസ്ഥാപിക്കുമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് വാഗ്ദാനവും നല്‍കിയിരുന്നു.

ഇതിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ നമസ്‌തേ ട്രമ്പ് പരിപാടി നടന്നതും ഇതേ മൊട്ടേര സ്റ്റേഡിയത്തില്‍ വെച്ചാണ്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്നലെയാണ് അഹമ്മദാബാദില്‍ എത്തിയത്.

Content Highlight: Congress leader Jayaram ramesh tweet on narendra modi in motera

We use cookies to give you the best possible experience. Learn more